ശശീന്ദ്രന് രാജി വച്ചപ്പോഴാണ് ധാര്‍മ്മികതയുടെ മുഴപ്പും വലിപ്പോം ആഗോള മലയാളിക്ക് മനസ്സിലായത്. വടക്കാഞ്ചേരിയിലെ ജയന്തന് കൗണ്‍സിലറും കളമശ്ശേരിയിലെ സക്കീര്‍ഹുസൈനും മുതല്‍ ഗോപി കോട്ടമുറിക്കലും പി. ശശിയുമൊക്കെ അറിഞ്ഞ് അര്‍മാദിക്കുന്ന ടീമാണ് ശശീന്ദ്രന്റെ ധാര്‍മ്മികതയില്‍ ഇപ്പോള്‍ ആനന്ദിക്കുന്നത്.
ബ്രണ്ണന്‍ ഫെയിം പിണറായിയുടെ വാഴ്ത്തുപാട്ടുകാരൊന്നടങ്കം ശശീന്ദ്രന്റെ ധാര്‍മ്മികത കണ്ട് അന്തംവിട്ട് നില്‍പ്പാണ്. എഴുപത്തൊന്നാം വയസ്സില്‍ ഇതാണ് ധാര്മ്മികതയെങ്കില് പണ്ടൊക്കെ എന്തായിരിക്കും സംഭവമെന്നാണ് മുന്നണിപ്പാട്ടുകാരുടെ ചോദ്യം. സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയുമൊക്കെ ശശീന്ദ്രന്റെ ധാര്‍മ്മികതയെപ്പറ്റി വൃത്തവും അലങ്കാരവുമൊപ്പിച്ച് അവര്‍ പാടി നടന്നു.
ശശീന്ദ്രന്റെ ധാര്‍മ്മികതയെക്കുറിച്ച് വിളമ്പിയവര്‍ക്ക് മൈക്ക് നീട്ടിക്കൊടുത്ത ചാനല്‍ പൂമാന്മാരൊന്നടങ്കം അതേ സ്വരത്തില്‍ മംഗളത്തിന്റെ ധാര്‍മ്മികത അത്ര പോരാ എന്നും പാടി നടന്നു. ശശീന്ദ്രന്റെ ധാര്‍മ്മികതയില്‍ കോള്മയിര് കൊള്ളുന്നവരും മംഗളത്തിന്റെ അധാര്മ്മികതയില് അമര്‍ഷം പ്രകടിപ്പിക്കുന്നവരും അതിന് യോഗ്യരാണോ എന്ന അങ്ങേയറ്റം ലളിതമായ ചോദ്യമാണ് ഈ പുകിലത്രയും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ തോന്നുന്നത്.
പെണ്ണുപിടിയന്‍ ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലരുതെന്ന് താത്വികമായി വാദിക്കുന്ന എം.എ. ബേബി മുതലുള്ളവരുണ്ട് ശശീന്ദ്രന് നഷ്ടമായ മന്ത്രിപ്പണി മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുന്നവരില്‍. പാര്‍ട്ടി ഓഫീസിലെ ഒളിപ്പോരില്‍ പത്തിവിടര്‍ത്തിയ വിഭാഗീയതയുണ്ട് സിപിഎമ്മിന് കൂടപ്പിറപ്പായി. എറണാകുളത്തും കണ്ണൂരുമൊന്നും അക്കഥ അറിയാത്ത മണല്‍ത്തരി കൂടി ബാക്കിയില്ല.
പരാതിക്കാരി ഇല്ലാഞ്ഞിട്ടും രാജിവെച്ചതാണുപോലും ശശീന്ദ്രന്റെ ഉന്നതമായ രാഷ്ട്രീയബോധം. പൂച്ചക്കുട്ടിയെ കടിച്ചുതിന്നാന്‍ ആര്‍ത്തിപിടിക്കുന്ന ആ ശബ്ദത്തിന്റെ ഉടയവന് താനല്ലെന്ന് ഇത്രേം വലിയ ധാര്‍മ്മികത പൊക്കിക്കാണിക്കുന്ന ശശീന്ദ്രന് ഇതാ ഇന്നേനാള്‍ വരെ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കണം. അത് തെളിയിക്കാന്‍ ശാസ്ത്രീയമായി നിരവധി വഴികള്‍ ബാക്കിനില്‍ക്കെ ശബ്ദം പുറത്തുവന്നതിന്റെ നാലാം മണിക്കൂറില്‍ വെച്ച രാജി ഒരുതരം ഊരിപ്പോകലായിരുന്നുവെന്ന് ഇമ്മാതിരി എപ്പിസോഡുകള്‍ കവലയിലയിലെ ചായക്കടവരാന്തയില് പണ്ടേക്കുപണ്ടെ ചര്‍ച്ച ചെയ്ത് തലയറഞ്ഞ് ചിരിച്ചുമറിഞ്ഞ മലയാളിക്ക് മനസ്സിലാകാതിരിക്കുമോ. അവന്റെ മുന്നിലാണ് ശശീന്ദ്രന്റെ ധാര്‍മ്മികതയാണ് ധാര്‍മ്മികതയെന്ന് ഇവന്മാര് വെച്ചുതട്ടുന്നത്.
കെട്ടിയെന്ന് പറയപ്പെടുന്ന പെണ്ണിന് വിലപേശി കച്ചവടമുറപ്പിച്ച ഒരു ലോകതെമ്മാടിക്ക് നവോത്ഥാനനായകന്റെ പട്ടം ചാര്‍ത്തിക്കൊടുത്ത മലയാളത്തിലെ ചാനല്രാമന്മാരാണ് മംഗളത്തിന്റെ പോര്ണലിസത്തിനെതിരെ വാളെടുക്കുന്നത്. തങ്ങള്‍ക്ക് കിട്ടാത്തത് മന്ത്രിയുടെ പിന്നാലെ നടന്ന് ചോര്‍ത്തിയെടുത്ത് പടമാക്കിയതിന്റെ കൊതിക്കെറുവാണ് പൊടുന്നനെ ഇവരെയെല്ലാം സദാചാരത്തിന്റെ കാവല്ക്കാരാക്കിയതെന്ന് വ്യക്തം.
മറൈന്‍ ഡ്രൈവിലെ ആഭാസസമരത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി കാണികളിലെത്തിച്ച് രോമാഞ്ചമണിഞ്ഞവര്, സ്റ്റുഡിയോറൂമില് ചുംബനസമരത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കാന്‍ ‘ഒന്നു ചുംബിച്ചു കാണിക്കൂ, പ്ലീസ്’ എന്ന് ചോദിച്ചുവാങ്ങിച്ച അവതാരകക്കോമാളികള്, രജീനയും റൗഫും സരിതയും സരിതയുടെ ക്ലിപ്പും കത്തും വട്ടത്തിലിട്ട ജോസ് കെ. മാണിയുമായി മാസങ്ങളോളം ചര്‍ച്ചയും സംവാദവും നടത്തിയ ചാനല്‍ ബ്രിട്ടാസുമാര്‍, കക്കൂസ് ചുവരുകളിലെ തെറിക്കഥകള്‍ സര്‍ഗാത്മകമെന്ന് വ്യാഖ്യാനിച്ച് ചെറുകഥാകൃത്തുക്കളായ ആമോദരാമന്മാര്‍….. എല്ലാവരും ഒറ്റവാര്ത്ത കൊണ്ട് പ്രകമ്പിതരായി പൊടുന്നനെ കന്യാമറിയത്തിന്റെ വേഷമെടുത്ത് അണിഞ്ഞ് സുവിശേഷം വിളമ്പുകയാണ് ഈ ലോക പപ്പരാസികള്‍.
അളിഞ്ഞതും ചീഞ്ഞതുമായി എന്തൊക്കെയുണ്ടോ അതെല്ലാം കൊത്തിച്ചികഞ്ഞ് വീട്ടുമുറ്റത്തുകൊണ്ട് ഛര്‍ദ്ദിച്ചിരുന്ന മാധ്യമസദാചാരക്കാരന്റെ പുത്തന്‍കൂറ്റ് വിടുവായത്തം കൊണ്ട് മാറ്റമെന്തെങ്കിലും പ്രതീക്ഷിക്കാനാകുമോ എന്ന ആശയും ആശങ്കയുമുണ്ട് മലയാളി പ്രേക്ഷകര്‍ക്ക്.
എ.കെ. ശശീന്ദ്രനും ജോസ് തെറ്റയിലും മുതല്‍ സാക്ഷാല്‍ പീതാംബരക്കുറുപ്പ് വരെയുള്ളവര്‍ ആരുടെയൊക്കെ ചാനല്ക്യമറകള്ക്കായിരുന്നു ഇരകളായതെന്ന് ഇക്കൂട്ടര്‍ കുന്തിച്ചിരുന്ന് ചിന്തിക്കണം. അന്ന് ശ്വേതാമേനോനും പീതാംബരക്കുറുപ്പുമൊക്കെ സ്ലോമോഷനില്‍ മുട്ടിയുരുമ്മുന്നത് കൈരളി ചാനല്‍ കാണിച്ചത് എത്ര തവണയെന്ന് എണ്ണിയെടുക്കാനാവില്ല. അവരാണ് ഇപ്പോള്‍ മറൈന്‍ഡ്രൈവിലെ ശിവസേന കളിക്കുന്നത്.
ഇപ്പോള്‍ വരുന്നത് ശശീന്ദ്രനെ പിന്നാലെ നടന്ന് കുടുക്കിയെന്നാണ്. പിന്നാലെ നടന്നാല്‍ വീഴുന്ന ആളാണ് മന്ത്രിയെന്ന് മനസ്സിലാക്കിയ ചാനല്‍ മേധാവികള്‍ അത്തരമൊരു കളി കളിച്ചുനോക്കിയെന്നാണ് ഇപ്പോഴത്തെ ആരോപണം.
ആട്ടെ സഖാക്കന്മാരെ അങ്ങനെയാണെങ്കില്‍ മന്ത്രിക്ക് ഇങ്ങനെയാകാമെന്നാണോ നിങ്ങളുടെ വാദം. സീസറും സീസറിന്റെ ഭാര്യയുമൊക്കെ മൈക്കിന് മുന്നിലെ വീരവാദങ്ങളില്‍ മാത്രം മതി എന്നാണോ…. അപ്പോള്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കാര്യം കഴിയുമ്പോളെങ്കിലും ആ കന്യാമറിയത്തിന്റെ കുപ്പായം അഴിച്ചുവെക്കണം. എന്തിന് വിശുദ്ധയെ അശുദ്ധമാക്കണം. പിന്നെ നെറികെട്ട പപ്പരാസിയുടെ കുപ്പായമിട്ട് റേറ്റിങ് കൂട്ടാന്‍ ഓടാം. ആരെങ്കിലും ഇന്നത്തേക്ക് റേറ്റ് എത്രയാണെന്ന് വിളിച്ചുചോദിക്കുംവരെ നിങ്ങളും മാന്യന്മാര് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: