ഹോം » വാരാദ്യം » 

അയ്യപ്പൻകാവുകളിൽ നിന്ന് കുടിയിറങ്ങിയ കളി

പ്രിന്റ്‌ എഡിഷന്‍  ·  April 16, 2017

ഒരു കാലത്ത് വടക്കന്‍ മലബാറിലെ അയ്യപ്പന്‍കാവുകളിലും തേവര്‍ നടകളിലും അനുഷ്ഠിച്ചിരുന്ന കലാരൂപമായിരുന്നു പരിചമുട്ടുകളി. ആചാര്യനെ വന്ദിച്ചും ഭൂമി ദേവിയെ സ്തുതിച്ചും വിളക്കിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും ആടിക്കളിച്ചും ചുവടുകള്‍വെച്ചും നടത്തിയിരുന്ന കലാരൂപം. കാവുകളും കുളങ്ങളും നശിപ്പിച്ച സമൂഹം കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ നഷ്ടപ്പെട്ടത് കാവുകള്‍ മാത്രമല്ല,സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഒരു അനുഷ്ഠാനം കൂടിയായിരുന്നു. ഇന്ന് മലബാറിലെ അവശേഷിക്കുന്ന കാവുകളില്‍ പോലും പരിചമുട്ടുകളിയില്ല. ഉറക്കമിളച്ചിരുന്ന് കാണാന്‍ കാണികളുമില്ല. പാരമ്പര്യം ചിട്ടയോടെ നടത്താന്‍ ഗുരുക്കന്മാരുമില്ലാത്ത സ്ഥിതി. പരിചമുട്ടുകളി കാണാണമെങ്കില്‍ സ്‌കൂള്‍ കലോത്സവവേദികളില്‍ എത്തണം. അതും ഇരുപതുമിനിട്ടില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഹിന്ദുപുരാണത്തിലെ അയ്യപ്പചരിതവും ഹരിഹരപുത്രോല്‍പത്തിയും ഇതിവൃത്തമായി അവതരിപ്പിച്ചിരുന്ന പരിചമുട്ടുകളിയില്‍ ഇന്ന് അവതരിപ്പിക്കുന്നത് ഗീവര്‍ഗ്ഗീസ് പുണ്യാളന്റേയും, തോമാശ്ലീഹയുടെയും കഥകള്‍. ഈ അനുഷ്ഠാന കലാരൂപം അന്യം നിന്നുപോകുന്ന സ്ഥിതിയിലായപ്പോള്‍ മുപ്പത്തിയഞ്ചുകൊല്ലം മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളില്‍ മത്സരയിനമാക്കി. എന്നാല്‍ മത്സരയിനമാക്കിയപ്പോഴും മത്സരാര്‍ത്ഥികള്‍ ഇല്ലാതെ ആദ്യവര്‍ഷം കടന്നുപോയി. അനുഷ്ഠാനത്തെ പൊതുവേദിയില്‍ മത്സരയിനമാക്കരുതെന്ന് ചിലരുടെ പിടിവാശിയും ഇതിനുകാരണമായി. എന്നാല്‍ എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ അനുഷ്ഠാനത്തിലെ ചില ഭാഗങ്ങള്‍മാത്രം അവതരിപ്പിച്ചു. പണ്ട് കാവുകളില്‍ അരങ്ങേറിയപ്പോള്‍ അനുഷ്ഠിച്ചിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകള്‍ ഗുരുക്കന്മാരേയും തട്ടകത്തിനേയും ഗണപതിയേയും വന്ദിച്ചാണ് സ്റ്റേജിലും നടത്തിയിരുന്നത്.
‘പച്ചനെല്ലിന്‍ പാലരികൊത്തി,
പറക്കുമ്പോള്‍ കിളിത്തത്തെ…
നിചൊന്നൊരു പുന്നാര പുരാണങ്ങള്‍
കളരികണ്ടേ താളം…’
തിത്തോം തിമൃതോം തക തക തിമൃത. ഇങ്ങനെ തുടങ്ങി
‘അയ്യാവിന്‍ പൊരുളരുളീടാം…
വാപുരന്റെ കടമകള്‍ ചൊല്ലാം,
അയ്യപ്പ തിന്തക തിന്തക ശരണമപ്പാ…’
കടുത്തായും വെളുത്തായും തോഴരായി തുണവന്നേ
കാട്ടുചോരക്കൂട്ടത്തെ തുരത്തിയാ മൂന്നുപേരും
ഉദയനെ കാലപുരിക്കെത്തിച്ചു മണികണ്ഠന്‍…
ഇത്തരത്തിലായിരുന്നു പാട്ടുകള്‍. കൂടെ കളരി അഭ്യാസങ്ങളോടെയുമായിരുന്നു പരിചമുട്ടുകളി കാവുകളില്‍ അരങ്ങേറിയിരുന്നത്. (ഇതില്‍ പറയുന്ന വാപുരന്‍ വനവാസി യുവാവാണ്. ഇദ്ദേഹത്തെയാണ് പിന്നീട് മതേതരന്മാര്‍ വാവരുസ്വാമിയാക്കിയത്. കറുത്തന്‍ എന്നപേര് കൊച്ചുകടുത്തസ്വാമിയും വെളുത്തന്‍ ചിരപ്പന്‍ ചിറയില്‍ കളരി അഭ്യസിക്കാന്‍ എത്തിയ അയ്യപ്പന്റെ ചങ്ങാതിയായി മാറിയ ധീവരസമുദായത്തിലെ വെളുത്തയുമാണ.് ഇതാണ് ഇപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനായി ചിലര്‍ പ്രചരിപ്പിക്കുന്നത്). പരമ്പരാഗത ആശാന്‍മാരുടെ അഭാവത്താല്‍ പരിചമുട്ടുകളി വിസ്മൃതിയിലാകാന്‍ തുടങ്ങിയപ്പോള്‍ പുരോഗമന ചിന്താഗതികളുള്ള ചിലര്‍ ഇതിന്റെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തി ഒരു പരിവര്‍ത്തനത്തിനുള്ള ശ്രമം ആരംഭിച്ചു. ലത്തീന്‍ സമുദായത്തിന്റെ ചരിത്രവും കഥകളും ഏടുകളായി കോര്‍ത്തിണക്കി. പണ്ട് കാവുകളില്‍ നടത്തിയപ്പോള്‍ ഉണ്ടായിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകളില്‍ മാറ്റം വരുത്തി,
കാവുകളില്‍ അവതരിപ്പിച്ചപ്പോള്‍ ആചാര്യവന്ദനം, ഭൂമി വന്ദനം, ഗണപതി സ്തുതി എന്നിവയ്ക്ക് പകരം ഗുരുക്കന്മാരേയും തട്ടകത്തിനേയും വന്ദിച്ചശേഷം ഗീവര്‍ഗ്ഗീസ് പുണ്യാളനേയും മലയാറ്റൂര്‍ തോമ ശ്ലീഹയേയും സ്തുതിച്ചു. കാവുകളില്‍ അനുഷ്ഠിച്ച ഗുരുവന്ദനവും ഭൂമിയെ നമസ്‌ക്കരിക്കുന്നതിനുപകരം തട്ടകത്തെ (സ്റ്റേജ്) നമസ്‌ക്കരിക്കുന്നതുമായ ചില രീതികള്‍ നിലനിര്‍ത്തി ചൊല്‍ക്കെട്ടുകള്‍ അപ്പാടെ മാറ്റുകയായിരുന്നു.
‘മാറാനരുള്‍പ്പെറ്റ മലയാറ്റൂര്‍ തിന്തക തകൃത തെയ്യ്
നായാടന്മാരവര്‍ വേടന്മാരായി ചെന്നപ്പോള്‍ തിന്തക തകൃത തെയ്യ്
(പോരുനായ്) നായി ചെന്നപ്പോള്‍ കുരിശിന്‍ തിന്തക തികൃത തെയ്യ്…’ എന്ന് മലയാറ്റൂര്‍ തോമശ്ലീഹയുടെ കഥകള്‍ പറഞ്ഞ ചൊല്‍ക്കെട്ടുകളാക്കി മാറ്റി. കൂടാതെ ‘പുണ്യവാന്‍ ഇസഹാക്കിന്‍ ഉണ്ടായി രണ്ടുമക്കള്‍…’ തുടങ്ങി ഗീവര്‍ഗ്ഗീസ് കഥകളുമൊക്കെ പരിചമുട്ടുകളിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാവുകളില്‍ നിന്ന് ഇറങ്ങിയ ഈ അനുഷ്ഠാനം മത്സരവേദികളില്‍ അരങ്ങുതകര്‍ക്കുമ്പോഴും തിരികെ കാവുകളിലേക്കെങ്കിലും ഒരു മടക്കയാത്ര നടത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന സത്യം വിസ്മരിച്ചുകൂടാ.
വരും വര്‍ഷങ്ങളില്‍ പുള്ളോന്‍പാട്ട് കലോത്സവ മത്സരയിനങ്ങളിലേക്ക് കൊണ്ടുവരാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നല്ല കാര്യമാണെങ്കിലും പരിചമുട്ട് കളിയുടെ ദുരവസ്ഥ പുള്ളോന്‍ പാട്ടിനുണ്ടാകരുതെയെന്ന പ്രാര്‍ത്ഥനമാത്രം ബാക്കി.

Related News from Archive
Editor's Pick