ഹോം » വാരാദ്യം » 

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്

പ്രിന്റ്‌ എഡിഷന്‍  ·  April 16, 2017

മുപ്പതു വയസ്സുവരെയുള്ള യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധബൈബിള്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തില്‍ അതിനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘പിന്നെ യേശു മാതാപിതാക്കളോടുകൂടി യറുശലേം ദൈവാലയത്തില്‍ നിന്നിറങ്ങി നസറത്തിലെ വീട്ടില്‍ വന്ന് അവര്‍ക്ക് കീഴടങ്ങി ജീവിച്ചു. (ലൂക്കോസ് 2:51). പന്ത്രണ്ട് വയസു മുതല്‍ മുപ്പതുവയസുവരെ മാതാപിതാക്കളെ അനുസരിച്ച് വീട്ടില്‍ താമസിക്കുന്ന അനുസരണയുള്ള മകനായ യേശുവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യേശു ഹിമാലയത്തില്‍ പോയെന്നും താന്ത്രികവിദ്യകളും യോഗയുമൊക്കെ അഭ്യസിച്ചെന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് വിശുദ്ധബൈബിളിനു നല്‍കാനുള്ളത്.

ഗലീല തീരത്തും യഹൂദ നാട്ടിലും പ്രഗത്ഭനായ ഒരു പ്രസംഗകനായും സൗഖ്യദായകനായും നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുന്ന യേശുനാഥനെയാണ് മുപ്പതാം വയസു മുതല്‍ കാണുവാന്‍ സാധിക്കുക. മൂന്നരവര്‍ഷത്തോളം അദ്ദേഹം തന്റെ പരസ്യശുശ്രൂഷ ഗംഭീരമായി നിര്‍വഹിച്ചു. യഹൂദര്‍ക്കു പ്രത്യക്ഷനാകുവാനുള്ള ‘മിശിഹ’ (രക്ഷകന്‍)യേശുവാണെന്ന് വിശ്വസിച്ചു. അനേകര്‍ അദ്ദേഹത്തിന്റെ അനുയായികളായി. യഹൂദരുടെ മഹാപുരോഹിതനായ കയ്യാപ്പാഫും അമ്മായിയപ്പനായ ഹന്നാസും അസൂയയോടെ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുവന്നു. ഒരു പാവപ്പെട്ട ആശാരിയുടെ മകനായി ബത്‌ലഹേമിലെ പശുത്തൊഴുത്തില്‍ പിറക്കുകയും ഒരു കഴുതക്കുട്ടിയുടെ പുറത്ത് ഒലിവിലകളേന്തിയ ജനസഞ്ചയത്തോടൊപ്പം ഓശാന അകമ്പടിയോടെ എഴുന്നെള്ളുകയും ചെയ്ത സാക്ഷാല്‍ ദൈവപുത്രനായ യേശുവിനെ മിശിഹയായി അംഗീകരിക്കുവാന്‍ അന്തര്‍നേത്രം അടഞ്ഞുപോയ ആ മഹാപുരോഹിതര്‍ക്ക് സാധിച്ചില്ല.

യേശുവിനെ അറസ്റ്റ് ചെയ്ത് അവര്‍ റോമന്‍ ഗവര്‍ണറായ പിലാത്തോസിന്റെ അരമനയില്‍ ഹാജരാക്കി. ജനക്കൂട്ടം മഹാപുരോഹിതനോടു ചേര്‍ന്ന് യേശുവിന്റെ രക്തത്തിനായി മുറവിളി കൂട്ടി. ‘ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല, നിങ്ങള്‍ ഇവനെ ക്രൂശിക്കുവിന്‍’ ഇതായിരുന്നു പിലാത്തോസിന്റെ വിധി. നിരപരാധിയെ ശിക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും വിധി. ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നുപറഞ്ഞ് പിലാത്തോസ് കൈകഴുകി. ക്രൂശിക്കപ്പെടുകയും അടക്കപ്പെടുകയും ചെയ്ത യേശുനാഥന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു.

നാല്‍പതാം ദിവസം ദൈവസന്നിധിയിലേക്ക് സ്വര്‍ഗാരോഹണവും ചെയ്തു. ക്രിസ്തുവിന്റെ മടങ്ങിവരവിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നോക്കിക്കാത്തിരിക്കുന്നു.

(ബൈബിള്‍ പ്രൊഫസറും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ടിവി പ്രഭാഷകനുമാണ് ലേഖകന്‍. ഫോണ്‍: 9847481080)

Related News from Archive
Editor's Pick