തെലുങ്കാന പ്രക്ഷോഭം: ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

Monday 11 July 2011 9:06 pm IST

ഹൈദരാബാദ്‌: തെലുങ്കാന പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷം ഉടലെടുത്തതിനാല്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒരു മോട്ടോര്‍സൈക്കിള്‍ റാലി നടത്തുന്നത്‌ പോലീസ്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ മുഖ്യ കവാടത്തിനടുത്തുവെച്ച്‌ പോലീസിനുനേരെ കല്ലെറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച വിദ്യാര്‍ത്ഥികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
ഇതിനിടെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. പോലീസുമായി ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ ഒരു യുദ്ധക്കളമാക്കി. ഏറ്റുമുട്ടലില്‍ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെ പോലീസ്‌ വിരട്ടിയോടിച്ചു. ജില്ലയുടെ മറ്റ്‌ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തുകൊണ്ടേയിരുന്നു. അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഞായറാഴ്ച മുതല്‍ സര്‍വകലാശാല കര്‍ശനമായ പോലീസ്‌ ബന്തവസ്സിലായിരുന്നു. ഞായറാഴ്ച രാത്രി ഉസ്മാനിയ സര്‍വകലാശാല ജോയിന്റ്‌ ആക്ഷന്‍ കമ്മറ്റിയിലെ ചില നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. വാറംഗല്‍, കരിംനഗര്‍, നല്‍ഗൊണ്ട എന്നീ പട്ടണങ്ങളില്‍ കരുതല്‍ നടപടി എന്ന നിലയില്‍ അറസ്റ്റുകള്‍ നടന്നു. പോലീസിന്റെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ച്‌ വാറംഗലിലെ കാകതീയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
തെലുങ്കാനയിലെ പത്ത്‌ ജില്ലകളിലുമായി നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതായി തെലുങ്കാന രാഷ്ട്രസമിതി നേതാവ്‌ ഇ.രാജേണ്ടര്‍ ആരോപിച്ചു. പോലീസ്‌ ഉപരോധത്തെ മറികടന്ന്‌ ആര്‍ട്സ്‌ കോളേജിന്‌ മുന്നിലുയര്‍ത്തിയ സമരപ്പന്തലില്‍ സംയുക്തസമരസമിതി 11 മണിക്ക്‌ സത്യഗ്രഹമാരംഭിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ എം.കോദണ്ഡരാമന്‍ സമരപ്പന്തലിലെത്തിയെങ്കിലും മറ്റുള്ളവരെ സര്‍വകലാശാലയുടെ മുഖ്യ കവാടത്തില്‍വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. യൂണിവേഴ്സിറ്റി കാമ്പസും പരിസരവും പോലീസിന്റേയും മറ്റ്‌ അര്‍ധ സൈനിക വിഭാഗങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. കാമ്പസിലേക്കുള്ള എല്ലാ വഴികളും പോലീസ്‌ അടച്ചു. ബാരിക്കേഡ്‌ ഉയര്‍ത്തിയ പോലീസ്‌ വാഹനപരിശോധന ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ അതിന്റെ മൂര്‍ധന്യത്തിലെത്തി.