ഹോം » സിനിമ » 

വിജയപ്പൊലിമ

വെബ് ഡെസ്‌ക്
April 18, 2017

ഇങ്ങനെ ആയിരിക്കണം സിനിമ എന്നു പറയിപ്പിക്കുന്നവ മലയാളത്തില്‍ വല്ലപ്പോഴെങ്കിലും ഉണ്ടാകുന്നത് വലിയ ആശ്വാസം. ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് ഈ സര്‍വജന സമ്മതി. റിലീസായ അന്നുമുതല്‍ നല്ല തിരക്കുള്ള ചിത്രത്തിന് മലയാളത്തിന്റെ സിനിമ എന്ന പേരാണ് എല്ലാവരും നല്‍കുന്നത്.

ഹോളിവുഡ് സിനിമപോലെ കണ്ടിരിക്കാമെന്ന് പ്രേക്ഷകര്‍ പറയുന്നു.യഥാര്‍ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഫഹദ് എന്നിവരാണ് നായകന്മാര്‍. പാര്‍വതി നായിക. മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളെന്ന നിലയിലേക്കു നീങ്ങുകയാണ് ഈ നടി.

വിഷുവിനും ഈസ്റ്ററിനും മുന്‍പ് ഇറങ്ങിയ മിക്കവാറും ചിത്രങ്ങളെല്ലാം കളക്ഷന്‍ ഉണ്ടാക്കുന്നുണ്ട്. മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങള്‍ക്കും, ദ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം മോഹന്‍ലാലിന്റെ 1971-ബിയോണ്ട് ദ ബോഡേഴ്‌സ്, നിവിന്‍ പോളി ചിത്രം സഖാവ് എന്നിവയ്ക്കും മികച്ച പ്രതികരണമാണ്. ഇവയൊന്നും മഹത്തായ ചിത്രങ്ങളല്ലെങ്കിലും കാഴ്ചക്കാരെ പരീക്ഷിക്കുന്നില്ല.

വിഷുവിനും ഈസ്റ്ററിനും ചാനലുകളില്‍ പുതിയ ചിത്രങ്ങളും മറ്റുമായി തകര്‍പ്പന്‍ പരിപാടികള്‍ ഉണ്ടായിട്ടും ആളുകളെ തിയറ്ററില്‍ വന്നു സിനിമ കാണാന്‍ പ്രേരിപ്പിച്ചത് വലിയൊരു മാറ്റമാണ്. കണ്ടിരിക്കാം എന്ന കേട്ടുകേള്‍വിയാണ് വീട്ടില്‍ നിന്നും ആളുകളെ കൊട്ടകയിലേക്കു വരുത്തിയത്.സാമ്പത്തിക പരാധീനതയില്‍നിന്നും മലയാള സിനിമ തലയൂന്ന സന്ദര്‍ഭമാണിത്.

Related News from Archive
Editor's Pick