ഹോം » വാര്‍ത്ത » ഭാരതം » 

മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പരക്ക്‌ അഞ്ച്‌ വയസ്സ്‌

July 11, 2011

മുംബൈ: 2006-ല്‍ മഹാരാഷ്ട്രയില്‍ നടന്ന ട്രെയിന്‍ സ്ഫോടന പരമ്പരക്ക്‌ ഇന്നലെ അഞ്ച്‌ വയസ്സ്‌. നഗരത്തില്‍ ജനത്തിരക്കേറിയ സമയത്ത്‌ നടന്ന സ്ഫോടനത്തില്‍ 187 പേര്‍ മരിക്കുകയും 800 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ്‌ ചെയ്ത പതിമൂന്നുപേര്‍ വിചാരണ നേരിടുകയാണ്‌. കേസില്‍ ഉടന്‍ വിധിവരുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കുറ്റാരോപിതനായ കമാല്‍ അന്‍സാരിയുടെ പരാതി തള്ളിക്കൊണ്ട്‌ സുപ്രീംകോടതി ഇയാളുള്‍പ്പെടെ പതിമൂന്നുപേര്‍ക്കെതിരെ വിചാരണ കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ തുടര്‍ന്നുകൊള്ളുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കുറ്റാരോപിതരെല്ലാം നിരോധിത സംഘടനകളായ സിമി, ലഷ്കറെ തൊയ്ബ പ്രവര്‍ത്തകരാണെന്നാണ്‌ കരുതുന്നത്‌. സംഭവത്തില്‍ 111 ദൃക്‌സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞതായും നാല്‌ മാസത്തിനകം കേസ്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2006 ജൂലൈ 11ന്‌ ഏഴ്‌ പ്രാദേശിക ട്രെയിനുകളുടെ ഫസ്റ്റ്‌ ക്ലാസ്‌ കമ്പാര്‍ട്ട്മെന്റിലാണ്‌ അക്രമികള്‍ ബോംബ്‌ സ്ഫോടനം നടത്തിയത്‌. വൈകുന്നേരം 6.24നും 6.35നും ഇടയില്‍ നടന്ന സ്ഫോടനങ്ങളില്‍ 187 പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ വിരുദ്ധസേന (എടിഎസ്‌) നടത്തിയ അന്വേഷണത്തിലാണ്‌ 13ഭീകരരെ അറസ്റ്റ്‌ ചെയ്തത്‌.
2008-ല്‍ കമല്‍ അന്‍സാരി സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്‌ കോടതി വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍സാരിയുടെ പരാതി തള്ളിക്കൊണ്ട്‌ വിചാരണ തുടരുവാനും കോടതി ആവശ്യപ്പെട്ടു.
ഫൈസല്‍ ഷെയ്ക്ക്‌, അലി ബഷീര്‍ഖാന്‍, മുഹമ്മദ്‌ അലി, മജീദ്‌ ഷാഫി, സാജിദ്‌ അന്‍സാരി, കമല്‍ അന്‍സാരി, തിഷാം സിദ്ധിഖി, സമീര്‍ ഷെയ്ക്ക്‌, സൊഹൈന്‍ ഷെയ്ക്ക്‌, മുസാമില്‍ ഷെയ്ക്ക്‌, തന്‍വീര്‍ അന്‍സാരി, നവീത്‌ ഹുസൈ, അബ്ദുള്‍ ഷെയ്ക്ക്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌ വിചാരണ നടക്കുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick