ഹോം » കുമ്മനം പറയുന്നു » 

മലപ്പുറത്തുണ്ടായത് വര്‍ഗീയ ധ്രുവീകരണം: കുമ്മനം

വെബ് ഡെസ്‌ക്
April 19, 2017

പാലക്കാട് : മലപ്പുറത്ത് യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് നേട്ടമുണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ദ്വിദിന സംസ്ഥാന നേതൃയോഗത്തിനു മുന്നോടിയായി പാലക്കാട്ട് നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

മലപ്പുറം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമല്ല. അതെ സമയം മുന്നണികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തി വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. നിരവധി പ്രതികൂല സാഹചര്യങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായിട്ടും പാര്‍ട്ടി അതിനെ അതിജീവിച്ചു. ഒറ്റക്കെട്ടായാണ് ബിജെപി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് അദ്ഭുതം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എയും പ്രതികരിച്ചു. ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, വോട്ട് വര്‍ധിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. മോദി വിരുദ്ധ വികാരമുള്ള സംസ്ഥാനത്തു വോട്ടര്‍മാര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോര്‍കമ്മിറ്റി യോഗം പാലക്കാട്ട് ആരംഭിച്ചു. സംസ്ഥാന സമിതിയോഗം ഇന്നു നടക്കും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സെക്രട്ടറി എച്ച്.രാജ, നേതാക്കളായ ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയോഗം ഇന്നു രാവിലെ പത്തിന് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടക്കും.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick