ഹോം » പ്രാദേശികം » മലപ്പുറം » 

സഹപാഠിക്കൊരു കൂടൊരുക്കാന്‍ കൂട്ടായ്മയായി; ഇനി സുമനസ്സുകള്‍ സഹായിക്കണം

April 20, 2017

പരപ്പനങ്ങാടി: പ്രതീക്ഷയുടെ വര്‍ണാഭമായ ലോകം വളരെ വലുതാണ്. പക്ഷെ ചിറമംഗലത്തെ അടയാട്ടില്‍ രാജന്റെ രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ ഇരുള്‍ മൂടിയിരിക്കുന്നു. പാരമ്പര്യമായി മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന കുംഭാര വിഭാഗത്തില്‍പ്പെട്ടവരാണ് രാജനും കുടുംബവും. അപകടത്തെ തുടര്‍ന്ന് വലതു കാലിന് സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ രാജന് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനിയുടെ കിഴക്കുഭാഗത്ത് മണ്‍തറയില്‍ ഫള്ക്‌സ് ഷീറ്റുകള്‍ വലിച്ചു കെട്ടിയ കൂരയിലാണ് രാജനും താമസിക്കുന്നത്.
ചിറമംഗലം എയുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രാജന്റെ മകള്‍ രഞ്ജുഷ. കുട്ടി സ്ഥിരമായി സ്‌കൂളില്‍ വരാതായതോടെ അന്വേഷിച്ചെത്തിയ സഹപാഠികളും അദ്ധ്യാപകരും കാണാനായത് രോഗാവസ്ഥയിലായ രഞ്ജുഷയുടെ അമ്മയേയും മാനസികാസ്വാസ്ഥ്യം കാരണം മൗനിയായിതീര്‍ന്ന സഹോദരനെയുമായിരുന്നു. രഞ്ജുഷയുടെ ചേച്ചി രാധിക എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. മാനസികനില ഇടക്കിടെ തകരാറിലാകുന്ന രാജന്റെ ഭാര്യയും ചികിത്സയിലാണ്.
ഇവര്‍ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കാനും ആവശ്യമായ വിദഗ്ദചികിത്സ നല്‍കാനും ചിറമംഗലം എയുപി സ്‌കുളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും രഞ്ജുഷ കുടുംബ സഹായസമിതി എന്ന പേരില്‍ സ്‌നേഹ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഉദാരമതികളുടെ സഹായമെത്തിയാല്‍ മാത്രമേ ഈ ലക്ഷ്യം സാധ്യമാകൂ. ഇതിനായി പരപ്പനങ്ങാടി കനാറാ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4701101003561, ഐഎഫ്എസ്‌സി കോഡ്: സിഎന്‍ആര്‍ബി 0004701.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick