ഹോം » വിചാരം » 

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

July 11, 2011

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം നാലു സിലിണ്ടര്‍ പാചകവാതകം മാത്രമേ സബ്സിഡി നിരക്കില്‍ നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്‌. പാചകവാതകത്തിന്റെ സിലിണ്ടര്‍ ഒന്നിന്‌ 50 രൂപ വിലവര്‍ധിപ്പിച്ചിട്ട്‌ ആഴ്ചകളേ ആയുള്ളൂ. ഇതിനെതിരെ വീട്ടമ്മമാരടക്കം കടുത്ത അമര്‍ഷത്തിലാണ്‌. വിവിധ സംഘടനകള്‍ സമരത്തിലുമാണ്‌. ജനവികാരം കണക്കിലെടുക്കാതെ കടുത്ത നടപടി കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നതിന്‌ ഒരു ന്യായവും മര്യാദയുമില്ല. നാലില്‍ കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ ഇരട്ടിവില നല്‍കണം. 800 രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നുകഴിഞ്ഞു. ഒരു സാധാരണ കുടുംബത്തിന്‌ വര്‍ഷം പത്തു സിലിണ്ടറെങ്കിലും അനിവാര്യമാണ്‌.
അത്‌ നാലില്‍ ഒതുക്കുമ്പോള്‍ ആറെണ്ണം കരിഞ്ചന്തവിലയ്ക്ക്‌ വാങ്ങേണ്ട ഗതികേടാണുണ്ടാവുക. പാചകവാതകത്തിന്റെ ദുരുപയോഗം തടയാനാണിതെന്നാണ്‌ മന്ത്രാലയത്തിന്റെ അവകാശവാദം.
ഒരു സിലിണ്ടറിന്‌ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 395 രൂപയാണെന്നാണ്‌ മന്ത്രാലയത്തിന്റെ അവകാശവാദം. ഇത്‌ മറയാക്കി ഉപഭോക്താക്കളെ ദ്രോഹിക്കുന്നതിനുള്ള നീക്കത്തിനാണ്‌ തുടക്കമിടുന്നത്‌. ഇല്ലാത്ത കടവും സബ്സിഡിയും പെരുപ്പിച്ച്‌ പെട്രോളിയം കമ്പനികളെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന കാര്യത്തില്‍ സംശയമില്ല. വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ നാലു വര്‍ഷം കൊണ്ട്‌ 21 ലക്ഷം കോടി രൂപയുടെ ഇളവു നല്‍കിയ സര്‍ക്കാരാണ്‌ ഗ്യാസ്‌ സിലിണ്ടറിന്‌ സബ്സിഡി നല്‍കുന്നത്‌ ഭാരിച്ച ഉത്തരവാദിത്വമാണെന്ന്‌ പ്രസ്താവിക്കുന്നത്‌. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ 800 രൂപ നല്‍കിയാലും അധിക സിലിണ്ടര്‍ ലഭിക്കില്ല. ദരിദ്രര്‍ക്കെന്തിനാണ്‌ ഗ്യാസ്‌ എന്ന മനോഭാവമാണ്‌ സര്‍ക്കാരിന്‌. മണ്ണെണ്ണ വിഹിതം വെട്ടിച്ചുരുക്കുകയും പാചകവാതകത്തിന്‌ വിലകൂട്ടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത്‌ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയുമോ ?
സ്വന്തമായി വീട്‌, ഇരുചക്രവാഹനം, കാര്‍ എന്നിവ ഉള്ളവര്‍ക്കും ആദായനികുതി നല്‍കുന്നവര്‍ക്കും സൗജന്യ നിരക്കിന്‌ അര്‍ഹതയില്ലെന്ന റിപ്പോര്‍ട്ടാണത്രെ പെട്രോളിയം മന്ത്രാലയം നല്‍കിയിട്ടുള്ളത്‌. അതപ്പടി അംഗീകരിച്ചാല്‍ കേരളത്തില്‍ ആര്‍ക്കും പാചകവാതകം സബ്സിഡി നിരക്കില്‍ ലഭ്യമാകില്ല. ഈ തലതിരിഞ്ഞതും ജനദ്രോഹവുമായ സമീപനം സ്വീകരിക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്‌ കനത്ത താക്കീത്‌ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Related News from Archive
Editor's Pick