ഹോം » പ്രാദേശികം » പാലക്കാട് » 

പ്ലാന്റ് സ്ഥാപിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന്‌

April 20, 2017

പാലക്കാട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്വീവേജ് ആന്‍ഡ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
യാതൊരുവിധ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. പ്ലാന്റിന് നൂറുമീറ്റര്‍ അകലത്തില്‍ വീടുകള്‍ ഉണ്ടെങ്കിലും കുഴപ്പമില്ല. ദുര്‍ഗന്ധം, ഈച്ച തുടങ്ങിയ ശല്യങ്ങളൊന്നും ഉണ്ടാവില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം. ദിലീപ്കുമാര്‍ പറഞ്ഞു. നഗരസഭയില്‍ പ്ലാന്റിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ പ്രവര്‍ത്തനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴെങ്കിലും വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍ അടിയുന്ന സെപ്‌റ്റേജ്(ചണ്ടി) നീക്കം ചെയ്യണം. അല്ലെങ്കില്‍ സെപ്റ്റിക് ടാങ്കിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. വെള്ളക്കെട്ടുള്ള മേഖലകളില്‍ ഇതുകൂടുതലായി അനുഭവപ്പെടും. അതിനാല്‍ നഗരവാസികള്‍ തന്നെ സെപ്‌റ്റേജ് പ്ലാന്റ് സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുന്ന സ്ഥിതിവരും.
നിലവില്‍ കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രീയമായി നാലോളം പ്രക്രിയകളിലൂടെയാണ് ഇവിടെ സംസ്‌കരണം നടത്തുന്നത്. പുറത്തുവിടുന്നത് പുഴ വെള്ളത്തിനു സമാനമായതാണ്. ഇത് കെട്ടിടനിര്‍മ്മാണ ആവശ്യങ്ങള്‍ക്കോ, കൃഷി നനക്കുന്നതിനോ ഉപയോഗപ്പെടുത്താവുന്നതാണ്. ബാക്കിവരുന്ന ചണ്ടി കുഴിച്ചിടുകയോ കംപ്രസ് ചെയ്ത് കത്തിക്കുകയോ ചെയ്യാം. വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനു പകരം ചര്‍ച്ച നടത്തി ഇടപെടലുകളിലൂടെ പ്ലാന്റ് സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നഗരസഭയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick