ഹോം » പ്രാദേശികം » ആലപ്പുഴ » 

സര്‍ക്കാരിന്റെ അരിക്കടയിലും അരിവില കുതിക്കുന്നു

April 21, 2017


ചേര്‍ത്തല: അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതി പാളി. അരിവില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ തുടങ്ങിയ അരിക്കടയിലെ വില വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലുള്ള കടയിലാണ് വില വര്‍ദ്ധനവ്. കിലോഗ്രാമിന് ഇരുപത്തഞ്ച് രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്ന ജയ അരിയ്ക്ക് 31.50 രൂപയായി. 6.50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. പൊതു വിപണിയില്‍ ലഭിക്കുന്ന ആന്ധ്ര അരിക്ക് നാല്‍പത് രൂപയിലധികം നല്‍കണം. ഗുണനിലവാരം കുറഞ്ഞ അരിയാണ് അരിക്കടകളിലൂടെ നല്‍കുന്നതെന്ന് ആക്ഷേപമുയരുന്നു.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത അരി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലി, സപ്ലൈക്കോ തുടങ്ങിയ കേന്ദ്രങ്ങളില്‍ അരിക്ക് പല വിലയാണ് ഈടാക്കുന്നത്.
അരിനിലവാരത്തെ കുറിച്ച് ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന സംശയം ദൂരീകരിക്കാനാണ് അരിക്കടകളിലും വില വര്‍ദ്ധിപ്പിച്ചതെന്നാണ് സൂചന. സഹകരണബാങ്കുകള്‍ തുടങ്ങിയ അരിക്കടകളിലൂടെ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരമില്ലായ്മയും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick