ഹോം » പ്രാദേശികം » ആലപ്പുഴ » 

മണ്ണിരകള്‍ ചത്തൊടുങ്ങുന്നു, വളം നിര്‍മ്മാണക്കാര്‍ പ്രതിസന്ധിയില്‍

April 21, 2017


എരമല്ലൂര്‍: കടുത്ത വേനലില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നു. കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കിയിട്ടും മണ്ണിരകള്‍ക്ക് ചൂടിനെ അതിജീവിക്കാനാകുന്നില്ല. മണ്ണിര വളം നിര്‍മ്മിച്ചു നല്‍കുന്ന കര്‍ഷക സംഘം വളം നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പച്ചക്കറി മാലിന്യങ്ങള്‍, ചാണകം എന്നിവ കൃത്യമായ അളവില്‍ കലര്‍ത്തി മണ്ണിരകളെയും അതില്‍ നിക്ഷേപിച്ച് നിശ്ചിത സമയത്തിനുള്ളിലാണ് മണ്ണീരവളം നിര്‍മിക്കുന്നത്.മണ്ണിരകള്‍ മാലിന്യങ്ങള്‍ ഭക്ഷിച്ച് അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മുകള്‍ പ്പരപ്പിലെ മിശ്രിതം വാരിയെടുക്കുന്നതോടെയാണ് വളം നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നത്. എന്നാല്‍ ചൂട് ശക്തമായതിനാല്‍ മണ്ണിരകള്‍ ചാകുകയോ തളര്‍ന്നു കിടക്കുകയോ ആണെന്ന് വളം നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ പറയുന്നു.
ഒരു ചതുര ശ്ര അടിയില്‍ അഞ്ച് കിലോഗ്രാം മണ്ണിര വളം നേരത്തെ നിര്‍മ്മിക്കാനാകുമായിരുന്നു.എന്നാല്‍ നിലവില്‍ ഒരു ചതുരശ്ര അടി സ്ഥലത്ത് മണ്ണിരയ്ക്ക് ആവശ്യമായ കൃത്രിമ ആവാസവ്യവസ്ഥ സജ്ജമാക്കിയിട്ടും ഒരു കിലോഗ്രാം വളം പോലും തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. എഴുപുന്നയിലെ തൊഴിലാളി കര്‍ഷകസംഘത്തിന്റെ വളം നിര്‍മാണ ഡിപ്പോയ്ക്ക് മണ്ണിര വളത്തിന്റെ ഓര്‍ഡര്‍ കനത്ത തോതില്‍ ലഭിച്ചിട്ടും വളം നല്‍കാനാകുന്നില്ലെന്ന് കര്‍ഷക സംഘം പ്രസിഡന്റ് ഇ.ഒ.വര്‍ഗീസ് പറഞ്ഞു.
ജൈവവളങ്ങളില്‍ കര്‍ഷകര്‍ക്കേറെ താല്പര്യം മണ്ണിര വളമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം ചെറുകിട സംഘങ്ങള്‍ മണ്ണിര വളം നിര്‍മിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ മണ്ണിലും കൃത്രിമ ജൈവ നിലങ്ങളിലും നിലനില്‍ക്കാനാവാതെ നശിക്കുകയാണ് കര്‍ഷകന്റെ ബന്ധുവായ മണ്ണിരകള്‍.

Related News from Archive
Editor's Pick