ഹോം » പ്രാദേശികം » കോഴിക്കോട് » 

ക്രഷറിന് പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

April 20, 2017

മുക്കം: ക്രഷറിന് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചു നല്‍കിയ ഗ്രാമപഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പെട്ട ചേലൂപ്പാറ ഗ്രാനൈറ്റ്‌സിനാണ് ഉയര്‍ന്ന ശേഷിയുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് എന്‍ഒസി നല്‍കിയ ക്രഷറിന് നിലവിലെ ഭരണ സമിതി ശേഷി വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് യാതൊരു കാരണവശാലും ക്വാറി അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറിക്ക് അനുമതി നല്‍കിയ നടപടിക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ സുജ ടോം ഒറ്റയാള്‍ സമരം നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്. മുക്കം മേഖല പരിസ്ഥിതി സമിതി കണ്‍വീനര്‍ എ.എസ്. ജോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജ ടോം അധ്യക്ഷയായി. സി.ജെ. ആന്റണി, കെ.ടി. മന്‍സൂര്‍, ജി. അജിത്കുമാര്‍, കരീം പഴങ്കല്‍, എസ്.എ. നാസര്‍, എ.എം. നൗഷാദ് സംസാരിച്ചു. ബാലകൃഷ്ണന്‍, ജിയോ വെട്ടുകാട്ടില്‍, വില്യം പൗലോസ്, സാബു അരീക്കല്‍ നേതൃത്വം നല്‍കി.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick