ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഇംഗ്ലീഷ് പഠനനിലവാരമുയര്‍ത്താന്‍ പൊതുവിദ്യാലയങ്ങളില്‍ ലാംഗ്വേജ് ലാബുകള്‍

April 20, 2017

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ യുപി സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലാംഗ്വേജ് ലാബ് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാ മിഷന്‍ യോഗത്തിലാണ് ഈ തീരുമാനം. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ യുപി സ്‌കൂള്‍ തലം മുതല്‍ വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും പ്രായോഗിക പഠന പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ചകളില്‍ ഇവരുടെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ലോവര്‍ െ്രെപമറി തലത്തിലെ അണ്‍എയിഡഡ് വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്താനും മിഷന്‍ യോഗത്തില്‍ തീരുമാനമെടുത്തു.
അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിപുലമായ പ്രവേശന ക്യാമ്പയിന്‍ നടത്തും. വിദ്യാലയങ്ങളുടെ ഭൗതിക, അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഓരോ സ്‌കൂളിനും പ്രത്യേക മാസ്റ്റര്‍ പ്ലാനും വിദ്യാലയ വികസന പദ്ധതിയും തയ്യാറാക്കണമെന്നാണ് സര്‍കാരിന്റെ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ ഇതുമായി സമന്വയിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അവശ്യം പൂര്‍ത്തിയാക്കേണ്ട പ്രാഥമിക സൗകര്യ വികസനത്തിനുള്ള ്രപവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ബാബുരാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എഇഒമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick