ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പ്രകൃതിയെ അറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് ചക്ക, മാങ്ങ, തേങ്ങ ക്യാമ്പുകള്‍

April 20, 2017

കണ്ണൂര്‍: മാലിന്യ നിര്‍മാര്‍ജന ബോധവല്‍ക്കരണവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ പ്രാധാന്യവും വിദ്യാര്‍ഥികള്‍ക്ക് പകരാനായി ജില്ലയില്‍ 200 അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കും. ചക്ക, മാങ്ങ, തേങ്ങ എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പില്‍ ആറ് മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളാണ് പങ്കെടുക്കുക. ജില്ലാ ശുചിത്വ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഓരോ പഞ്ചായത്തിലും രണ്ട് വീതം ക്യാമ്പുകളാണ് സംഘടിപ്പിക്കുക. നഗരസഭകളില്‍ 10 വാര്‍ഡിന് ഒന്ന് എന്ന നിലയിലായിരിക്കും ക്യാമ്പ്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 1:1:1 എന്ന അനുപാതത്തിലാണ് തെരഞ്ഞെടുക്കുക. തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് വകുപ്പുകളുമായി സഹകരിച്ച് ശുചിത്വമിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ അവസാനവും മെയ് ആദ്യവുമായിട്ടായിരിക്കും ക്യാമ്പുകള്‍.
ജില്ലയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഡിസ്‌പോസിബിള്‍ ഫ്രീ, പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനും നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താന്‍ യോഗം തീരുമാനിച്ചു.
അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് സൂക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിരം കേന്ദ്രങ്ങള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ നഗരസഭകളില്‍ നിലവില്‍ ഇത്തരം സംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ജൂണ്‍ മാസത്തോടെ 16 തദ്ദേശസ്ഥാപനങ്ങളില്‍ കൂടി അജൈവ മാലിന്യ സംഭരണ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകും. ജില്ലാ ശുചിത്വ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick