വയ്യാമൂലയില്‍ ഭൂമി അളക്കാന്‍ വന്ന ജീവനക്കാരെ തടഞ്ഞു

Thursday 20 April 2017 11:42 pm IST

പേട്ട: വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വയ്യാമൂലയില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു . കുടിയൊഴിപ്പക്കപ്പെടുന്നവരുടെ പുനരധിവാസവും സ്ഥലത്തിന്റെ മൂല്യ നിര്‍ണ്ണയവും മറ്റ് നടപടികളും പൂര്‍ത്തിയാക്കാതെ സ്ഥലം അളക്കാന്‍ അനുവദിക്കുകയില്ലായെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാന്‍ തീരുമാനിച്ചതോടെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് വന്‍ പോലീസ് സന്നാഹവുമായി ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുളള റവന്യൂ ഉദ്യോഗസ്ഥര്‍ വയ്യാമൂലയിലെത്തിയത്. കടത്തിവിളാകം ക്ഷേത്രത്തിന് സമീപത്ത് നിന്നും വിമാനത്താവളത്തിന് നല്‍കേണ്ട ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടാനായിരുന്നു പദ്ധതി. നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധം ഉന്നയിച്ചതോടെ ഉദ്യോഗസ്ഥര്‍ ദൗത്യത്തില്‍ നിന്നും പിന്മാറി. 2005 ലാണ് വിമാനത്താവളത്തിലെ ടാക്‌സി ബേയുടെ നിര്‍മ്മാണത്തിനായി 80 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിട്ടി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ചാക്ക ബ്രഹ്മോസ് മുതല്‍ വളളക്കടവ് പ്രദേശം വരെയാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും താത്കാലികമായി 20 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നും അന്നത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതിനായി വയ്യാമൂലയില്‍ നിന്ന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പതിനേഴോളം പേര്‍ തങ്ങളുടെ തരിശു ഭൂമി സര്‍ക്കാരിന് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ആധാരം അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥലമേറ്റെടുപ്പ് 18 ഏക്കറായി കുറയുകയും സര്‍ക്കാര്‍ നടപടികള്‍ മരവിപ്പിക്കുകയുമായിരുന്നു. ഇതേ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സ്ഥലമേറ്റെടുപ്പിനായി പ്രദേശത്തെ ആക്ഷന്‍ കൗണ്‍സിലിന്റേയും റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതി നിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സ്ഥലമേറ്റെടുക്കുന്നതില്‍ പ്രദേശവാസികള്‍ സമ്മതം അറിയിച്ചിരുന്നതായിട്ടാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാര്‍ പറഞ്ഞു. സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം സംബന്ധിച്ചുളള മറ്റ് നടപടികള്‍ ചര്‍ച്ചയില്‍കൂടി പരിഹരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളെ ലംഘിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താതെ ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി . അതേസമയം സര്‍ക്കാരിന്റെ പട്ടികയിലുള്ള 18 ഏക്കറില്‍ താമസിക്കുന്ന 150 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ രഹസ്യ അജണ്ടയാണ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.