ഹോം » പ്രാദേശികം » തിരുവനന്തപുരം » 

മകളുടെ ആത്മഹത്യക്ക് പ്രേരണയായത് കാമുകന്റെ മൊബൈല്‍ ഭീഷണിയെന്ന്

April 21, 2017

മലയിന്‍കീഴ് : കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ മകള്‍ക്ക് അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ സന്ദേശമാണ് തിരികെ വീട്ടിലെത്തി കെട്ടിത്തൂങ്ങി മരിക്കാന്‍ പ്രേരണയായതെന്ന് തെളിവുകള്‍ നിരത്തി പിതാവിന്റെ സാക്ഷ്യപത്രം. മാറനല്ലൂര്‍, മണ്ണടിക്കോണം, പാപ്പാക്കോട്, കൗസ്തുഭത്തില്‍ ജി. ഗോപകുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ മകളുടെ ആത്മഹത്യക്ക് പിന്നില്‍
മാറനല്ലൂരിലെ ഒരു യുവാവിന്റെ പ്രേരണയുണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നയനാ ഗോപന്‍ (19) കഴിഞ്ഞ മാര്‍ച്ച് 8നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. നയന സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ മാറനല്ലൂര്‍ സ്വദേശിയായ യുവാവുമായുള്ള സ്‌നേഹബന്ധവും, മരിക്കുന്നതിന് മുന്‍പ് എത്തിയ ഫോണ്‍ സന്ദേശത്തില്‍ നൊമ്പരപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടെന്നും നയന വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. എസ്എഫ്‌ഐ യുടെ സജീവ പ്രവര്‍ത്തകയായിരുന്നു നയന. മകളുടെ മരണത്തിന് ഉത്തരവാദിയായ യുവാവും സിപിഎം സഹയാത്രികനാണെന്ന് ഗോപകുമാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയാണ് ചിലര്‍ യുവാവിനെ സംരക്ഷിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. മാറനല്ലൂര്‍ എസ്‌ഐ മുതല്‍ ജില്ലാ പോലീസ് മേധാവിക്ക് വരെ പരാതി നല്‍കിയിട്ടും ഒരിടത്തുനിന്നും നീതിലഭിച്ചില്ലന്നും ഗോപകുമാര്‍ വ്യക്തമാക്കി.

Related News from Archive
Editor's Pick