ഹോം » കേരളം » 

നളിനിയും കുരുക്കിലേയ്ക്ക്

പ്രിന്റ്‌ എഡിഷന്‍  ·  April 24, 2017

ന്യൂദല്‍ഹി: രാജ്യത്തെ പോലീസിനെ ആകമാനം നിഷ്പക്ഷവും സ്വതന്ത്രവുമാക്കാന്‍ സഹായിക്കുന്ന ചരിത്ര വിധിയാണ് ടി.പി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തിരികെ ആ പദവിയില്‍ നിയമിക്കുന്ന ആദ്യഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് വിവേചനാധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സര്‍ക്കാരുകളുടെ നടപടികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവുമെന്ന സന്ദേശവും വിധി നല്‍കുന്നു.

പ്രകാശ്‌സിങ് കേസിലെ വിധി മറികടക്കാന്‍ കേരളാ പോലീസ് ആക്ടിലെ 97(2) ഇ ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തടഞ്ഞു. ഇതു മാത്രമായി ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉപയോഗിച്ചാല്‍ അംഗീകരിക്കില്ല. സംസ്ഥാന സുരക്ഷാ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് അനുസരിച്ചു മാത്രമേ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന് വിധി നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി, നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, വിരമിച്ച ഹൈക്കോടതി ജഡ്ജി. ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയതാണ് സുരക്ഷാ കമ്മീഷന്‍.

ഏപ്രില്‍ 13ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിജിപി സെന്‍കുമാറിനെതിരെ യാതൊരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ മെയ് 26ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആഭ്യന്തരസെക്രട്ടറി പുറ്റിങ്ങല്‍, ജിഷ കേസുകളില്‍ ഡിജിപിക്കെതിരെ രണ്ടു റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് നല്‍കി. പോലീസിനെതിരെ ജനങ്ങളില്‍ വ്യാപകമായ അതൃപ്തിയുണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. കേന്ദ്രഅഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതെന്ന് സുപ്രീംകോടതി വിധി വിമര്‍ശിച്ചു. നളിനി നെറ്റോയുടെ മെയ് 26ലെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സെന്‍കുമാറിനെ പുറത്താക്കാനായി കൃത്രിമ രേഖകളുടെ സഹായം തേടിയിട്ടുണ്ടെന്ന കോടതിയുടെ കണ്ടെത്തല്‍ വരും നാളുകളില്‍ കൂടുതല്‍ നിയമ നടപടികളുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ തന്നെ ലക്ഷ്യമിട്ട് നിരവധി കൃത്രിമത്വം നടന്നിട്ടുണ്ടെന്നും നിയമ നടപടികളുടെ സാധ്യത പരിശോധിക്കുകയാണെന്നും സെന്‍കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ ആഭ്യന്തരസെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയെ വരും നാളുകളില്‍ പ്രതിരോധത്തിലാക്കുന്നതായിരിക്കും സുപ്രീംകോടതി വിധി.

Related News from Archive

Editor's Pick