ഹോം » കേരളം » 

‘മണി’ക്ക് ചാണകത്തില്‍ മുക്കിയ ചൂലിനടി

വെബ് ഡെസ്‌ക്
April 24, 2017

പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ അവഹേളിച്ച വൈദ്യുതി മന്ത്രി മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മന്ത്രിയുടെ കോലത്തെ ചാണകം മുക്കിയ ചൂലുകൊണ്ട് അടിച്ച് പ്രതിഷേധിക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് സമീപം – ജന്മഭൂമി

തിരുവനന്തപുരം: പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ അവഹേളിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രകടനമായെത്തിയ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ മണിയുടെ കോലത്തെ ചാണകം മുക്കിയ ചൂലുകൊണ്ട് അടിച്ചാണ് പ്രതിഷേധിച്ചത്. പിന്നീട് അവര്‍ മന്ത്രിയുടെ കോലവും കത്തിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് സ്ത്രീകള്‍ക്കുണ്ടായ അപമാനം ഇല്ലാതാക്കാനാവില്ലെന്നും ഒരു വ്യക്തി എന്ന നിലയില്‍ പോലും പറയരുതാത്ത കാര്യങ്ങളാണ് മന്ത്രിയായ എം.എം. മണി പറഞ്ഞതെന്നും കുമ്മനം വ്യക്തമാക്കി. മന്ത്രി പദവി പോലെ ഉന്നതമായ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം ഒട്ടും അര്‍ഹനല്ല.

അവഹേളനപരമായ പ്രസംഗം ആദ്യമായല്ല മണി നടത്തുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ ഖേദപ്രകടനം അംഗീകരിക്കാനാകില്ല. മന്ത്രിയായതോടെ മണി മുതലാളിയായി മാറിയിരിക്കുകയാണ്. പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കുമ്മനം അറിയിച്ചു.

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ്, മഹിളാ മോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷ വിജയകുമാരി, ജില്ലാ അദ്ധ്യക്ഷ ഹേമലതാ ശിവകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന്‍, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ വി. സുധര്‍മ്മ, ജില്ലാ സെക്രട്ടറിമാരായ എം.പി. അഞ്ജന, ബീനാ ആര്‍.സി, മഹിളാ മോര്‍ച്ചാ ജില്ലാ നേതാക്കളായ അഡ്വ സന്ധ്യ, വലിയശാല ബിന്ദു, സിമി, ദിവ്യ ശ്രീകല, ജയകുമാരി, ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.

Related News from Archive
Editor's Pick