ഹോം » ഭാരതം » 

ആ ചിത്രം എടുത്തില്ല പക്ഷേ, ഈ ചിത്രം വൈറല്‍

വെബ് ഡെസ്‌ക്
April 24, 2017

മനുഷ്യത്വം മറക്കാതെ… പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്കു കുതിക്കുന്ന ദര്‍ യാസിന്‍.

ശ്രീനഗര്‍: വേണമെങ്കില്‍ നല്ലൊരു ചിത്രം കിട്ടുമായിരുന്നു. ആ ചിത്രം ഒരുപക്ഷേ, പ്രശസ്തമാകുമായിരുന്നു. എന്നാല്‍, നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയ ആ ഫോട്ടോഗ്രാഫര്‍ ഒരു നിമിഷം ക്യാമറ വച്ചു. ആ പെണ്‍കുട്ടിയുടെ മുഖത്തു നിന്നു വാര്‍ന്നൊഴുകുന്ന രക്തത്തുള്ളികളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാനല്ല, ആ പെണ്‍കുട്ടിയെ രക്ഷിക്കാനാണ് ദര്‍ യാസിന്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു തോന്നിയത്.

ശ്രീനഗറിലെ നവാകാഡല്‍ മേഖലയില്‍ വിഘടനവാദികളുടെ കല്ലേറില്‍ തലയ്ക്കു പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന പെണ്‍കുട്ടിയെ വാരിയെടുത്ത് ഓടുന്ന ദര്‍ യാസിന്റെ ചിത്രമിപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാണ്. ഫോട്ടോ എടുക്കാതെ ഖുശ്ബു ജാന്‍ എന്ന പെണ്‍കുട്ടിയെ വാരിയെടുത്ത ദറിനെ മറ്റൊരു ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തി. ഖുശ്ബുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ദറിനു കഴിഞ്ഞു. അപകടനില തരണം ചെയ്ത ഖുശ്ബു ഇപ്പോള്‍ സുഖം പ്രാപിക്കുന്നു.

സിറിയയില്‍ ബോംബിങ്ങില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സിറിയന്‍ ഫോട്ടോഗ്രാഫര്‍ അബ്ദ് അല്‍കാദര്‍ ഹബാക്കിനോടാണ് ഇപ്പോള്‍ ദറിനെ ഉപമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി. ഒപ്പം മനുഷ്യത്വവും പ്രൊഫഷണലിസവും എവിടെ വേര്‍തിരിയുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും.

പ്ലസ്ടു വിദ്യാര്‍ഥിയായ ഖുശ്ബു സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിലേക്കുള്ള യാത്രയിലായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവാണുണ്ടായത്. യൂണിഫോമിലേക്ക് രക്തം ചീറ്റിയൊഴുകി. കൂട്ടുകാരികള്‍ സഹായത്തിനായി നിലവിളിച്ചപ്പോഴാണ് ക്യാമറ താഴെയിട്ട് ദര്‍ ഓടിച്ചെന്നത്.

ഖുശ്ബുവിന്റെ മുഖത്ത് കല്ലു കൊണ്ട് പരിക്കേറ്റപ്പോള്‍ കിട്ടാവുന്ന ചിത്രത്തെക്കുറിച്ചല്ല, തന്റെ രണ്ടു മക്കളെക്കുറിച്ചാണ് ഓര്‍ത്തതെന്ന് ദര്‍ പറഞ്ഞു. അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായ ദര്‍ 2003 മുതല്‍ കശ്മീരിലാണ് പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ദറിന്റെ ശ്രമം ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഫൈസല്‍ ഖാ ന്‍.ഫേസ ്ബുക്കില്‍ ഫൈസല്‍ പോസ്റ്റ് ചെയ്ത ചിത്രം നിരവധി ഷെയറുകളിലൂടെ ഹിറ്റായി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick