ഹോം » പ്രാദേശികം » തിരുവനന്തപുരം » 

51 കിയോസ്‌കുകള്‍, 100 ലോഡ് ടാങ്കര്‍ വെള്ളം, ദാഹിച്ച് വലഞ്ഞ് നഗരം

April 25, 2017

തിരുവനന്തപുരം: നഗരത്തിന്റെ ദാഹം തീര്‍ക്കാന്‍ ജലവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലം കാണുന്നില്ല. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നഗരത്തില്‍ പലയിടങ്ങളില്‍ ജലവകുപ്പിന്റെ നേതൃത്വത്തില്‍ 51 കിയോസ്‌കുകള്‍ സ്ഥാപിച്ചു. പൊതുജനങ്ങളുടെ സഹായത്തോടെയാണ് 5000 ലിറ്ററിന്റെ 51 കിയോസ്‌കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ വെള്ളം നിറക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം നിറക്കേണ്ട ചുമതല റവന്യുവകുപ്പിനാണ് നല്‍കിയിരുന്നത്. ടാങ്കറുകള്‍ ലഭ്യമാകാത്തതിനാലാണ് ജലമെത്തിക്കാന്‍ കഴിയാത്തതെന്നാണ് റവന്യൂവകുപ്പിന്റെ വാദം.
പൈപ്പ് വഴിയുള്ള ജലവിതരണം വാല്‍വുകള്‍ വഴി നിയന്ത്രിച്ചാണ് നല്‍കുന്നത്. പകല്‍ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും രാത്രിയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളം ലഭ്യമാകുന്ന തരത്തിലാണ് വാല്‍വുകള്‍ നിയന്ത്രിക്കുന്നത്. പകല്‍ സമയങ്ങളില്‍ താഴ്ന്ന പ്രദശങ്ങളില്‍ നൂലുപോലെയാണ് പൈപ്പുകളില്‍ കുടിവെള്ളമെത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലപ്പോഴും വെള്ളം എത്തുന്നുമില്ല. വഴുതക്കാട്, തൈക്കാട്, പോങ്ങുംമൂട്, കവടിയാര്‍, അമ്പലമുക്ക്, പേരൂര്‍ക്കട, പട്ടം, നാലാഞ്ചിറ, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രിയും പകലും വെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്.
ദിവസം 80 മുതല്‍ 100 ടാങ്കര്‍ ജലമാണ് നഗരത്തില്‍ വിതരണത്തിനായി നല്‍കുന്നത്. കൂടാതെ ദുരന്തനിവാരണ അതോറിറ്റിയും ജലവിതരണം നടത്തുണ്ട്. എന്നിട്ടും മതിയായ അളവില്‍ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. തീരദേശ മേഖലയില്‍ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചുതുടങ്ങി. കോളനികളിലെയും ചേരിപ്രദേശങ്ങളിലെയും സ്ഥിത വ്യത്യസ്ഥമല്ല. നാല് ദിവസത്തിലൊരിക്കലാണ് ഈ പ്രദേശങ്ങളില്‍ വെള്ളം എത്തുന്നത്.
ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നഗരത്തിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ജലക്ഷാമം ബാധിച്ചിട്ടുണ്ട്. നിലവിലെ ജലനിയന്ത്രണം നഗര ജീവിതം ദുസ്സഹമായിക്കഴിഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ നെയ്യാര്‍ ഡാമില്‍ നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനാകുമെന്നാണ് ജലവകുപ്പിന്റെ കണക്കുകൂട്ടല്‍. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.

Related News from Archive
Editor's Pick