കോട്ടയം: പുതിയ കാലത്തെ കുട്ടികള്‍ സ്വന്തം ഭാഷ പോലും ഉച്ചരിക്കാന്‍ ശീലിക്കാതെയാണ് വളരുന്നതെന്ന് കവി പ്രൊഫ.മധുസൂദനന് നായര്‍. കോട്ടയം എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആദ്ധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ ഒറ്റപ്പെടലിന്റെ ലോകത്താണ് ജീവിക്കുന്നത്. ആയിരം കുട്ടികള്‍ ഒരുമിച്ച് കൂടിയാലും അവര്‍ ഒറ്റയ്ക്കായിരിക്കും. ഒറ്റപ്പെടുന്ന കുട്ടി ഭീരുവും ഭീകരനും അല്ലെങ്കില്‍ മനോബലമില്ലാത്തവനുമാകും. എപ്പോഴും അവര്‍ക്ക് അപകര്‍ഷതാബോധമായിരിക്കും. ജയിക്കണമെന്ന ദുര്‍വാശി, ദുരഭിമാനം എന്നിവ ഇവരെ കീഴടക്കുന്നു. കുട്ടികളുടെ ഒറ്റപ്പെടല്‍ കുടുംബ ബന്ധങ്ങളെയും അസ്വസ്ഥരാക്കും. കുടുംബം ഭദ്രമാകണമെങ്കില്‍ കുട്ടികള്‍ സന്തോഷമായിട്ടിരിക്കണം. ഈ ആദ്ധ്യാത്മിക സംഗമത്തില്‍ ഇത്രയും കുട്ടികള്‍ക്ക് ഒരുമിച്ച് കൂടാന്‍ സാധിച്ചത് പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് കവിത ചൊല്ലിക്കൊടുത്തും സംവദിച്ചും കവി പരിപാടിക്ക് കൊഴുപ്പേകി. പരിപാടിയില്‍ അധ്യക്ഷനായിരുന്ന കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ചു.എന്‍എസ്എസ് ആദ്ധ്യാത്മിക പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് പി.മധു, വനിതാ യൂണിയന് പ്രസിഡന്റ് വത്സ ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍ സ്വാഗതവും ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ എസ്.ശശികുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: