തൃശൂര്‍: ഹിന്ദു സമൂഹത്തിനകത്ത് നവോത്ഥാന – പരിഷ്കരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആചാര്യസഭയുടെ തീരുമാനം. ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ ചേര്‍ന്ന കേരളത്തിലെ പ്രമുഖ ആചാര്യന്മാരുടെ സമ്മേളനമാണ് തീരുമാനമെടുത്തത്. അബ്രാഹ്മണര്‍ക്കും പൂജക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച പാലിയം വിളംബരത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആചാര്യ സമ്മേളനം.
ക്ഷേത്രങ്ങളില്‍ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. വിവേചനങ്ങള്‍ അവസാനിപ്പിക്കണം. വിവാഹധൂര്‍ത്ത്, സ്ത്രീധനം മുതലായവ അവസാനിപ്പിക്കണം. മൃതദേഹസംസ്കാരത്തിന് ഏകോപനം വേണം. ഉത്സവങ്ങളുടെ പേരിലുള്ള ധൂര്‍ത്ത് ഒഴിവാക്കണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വേദപഠനത്തിനുള്ള സാഹചര്യങ്ങളുണ്ടാവണം.
ക്ഷേത്രകലകളുടെ പോഷണത്തിനും ശ്രമമുണ്ടാകണം. അമിതമായ ആഡംബരങ്ങളും അപകടകരമായ ധൂര്‍ത്തും ആചാരങ്ങളുടെ പേരിലുള്ള അയിത്തവും അവസാനിപ്പിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കണം. വ്യക്തിപരമായ ശുദ്ധിക്ക് പ്രാധാന്യം നല്‍കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആചാര്യസഭ മുന്നോട്ടുവെക്കുന്നത്.
ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രസംസ്കാരവും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആചാര്യസഭ ആഹ്വാനം ചെയ്തു. ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വരുത്താനുള്ള അധികാരം ക്ഷേത്രവിശ്വാസികളായ ഹൈന്ദവ സമൂഹത്തിനാണ്. യുവതലമുറയില്‍ ധര്‍മ്മബോധവും സാംസ്കാരിക മൂല്യവും ആചാരാനുഷ്ഠാന പരിചയവും വളര്‍ത്താനുള്ള പദ്ധതികള്‍ക്ക് ആചാര്യസഭ നേതൃത്വം നല്‍കും.
ഹിന്ദുസമൂഹത്തിന്റെ നേതൃത്വം ആചാര്യന്മാരുടേയും സന്യാസി ശ്രേഷ്ഠന്മാരുടേയും കൈകളിലാണെന്നും ഭരണാധികാരികളുടെ താല്പര്യങ്ങള്ക്കനുസരിച്ച് ഹിന്ദു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കരുതെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു. പ്രമുഖ സന്യാസിമാര്‍, തന്ത്രിമാര്‍, ജ്യോതിഷ പണ്ഡിതര്‍, തച്ചുശാസ്ത്ര വിദഗ്ദ്ധര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നായി ഒട്ടേറെപ്പേര്‍ സഭയില്‍ പങ്കെടുത്തു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആചാര്യസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, സ്വാമി ഉദിത് ചൈതന്യ, സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി ഗീതാനന്ദ, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, സ്വാമി ഭാര്ഗവാനന്ദസരസ്വതി, സ്വാമി പുരുഷോത്തമാനന്ദസരസ്വതി, കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട്, പെരുമ്പടപ്പ് വൈദികന് ഋഷികേശന് സോമയാജിപ്പാട്, വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരി, അണ്ടലാടി ശങ്കരന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, കെ.വി.ശിവന്, കെ.എസ്. ജ്യോതിസ്, പറവൂര്‍ അനിരുദ്ധന് തന്ത്രികള്‍, വി.കെ.വിശ്വനാഥന്, എ.പി.ഭരത്കുമാര്‍, എന്‍.സി.ഇന്ദുചൂഡന് തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്, പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്.കുമാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, സംഘടനാസെക്രട്ടറി എം.സി.വത്സന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: