ന്യൂദല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്ഖാന് വിവാഹിതനാകുന്നു. ബോളിവുഡ് താരം സാഗരിക ഗാഡ്ഗെയാണ് വധു. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചിയം നടന്നു. ഐപിഎല്‍ പത്താം സീസണുശേഷമേ വിവാഹ തീയതി നിശ്ചയിക്കൂ.
വിവാഹനിശ്ചയത്തിനുശേഷം ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ട്വീറ്റ് ചെയ്തിട്ടുണ്ട്. മാസങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും യുവരാജ് സിങ്-ഹേസല്‍ കീച്ച് വിവാഹച്ചടങ്ങിലാാണ് ആദ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ഒരു പൊതു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
ഇന്ത്യയ്ക്കുവേണ്ടി 92 ടെസ്റ്റം 200 ഏകദിനവും കളിച്ച സഹീര്‍ ഇപ്പോള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമാണ്. നേരത്തെ ബോളിവുഡ് താരം ഇഷ ഷെര്വാണിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം പിരിഞ്ഞശേഷമാണ് സാഗരികയുമായി അടുപ്പത്തിലാവുന്നത്.
ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചക് ദേ ഇന്ത്യയിലെ സെന്റര്‍ ഫോര്‍വേഡ് പ്രീതി സബര്‍വാളാണ് സാഗരികയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. അതിനിടെ സഹീര്‍ ഖാന് ആശംസകള്‍ നേരാന്‍ ശ്രമിച്ച ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലയ്ക്ക് പറ്റിയത് വമ്പന്‍ അമളി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെക്ക് പകരം മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷിനാണ് കുംബ്ലെ ആശംസകള്‍ നേര്‍ന്നത്.
സഹീര്‍ സാഗരികയെ വിവാഹം ചെയ്യുന്നുവെന്ന് കുറിച്ച കുംബ്ലെ, സാഗരിക ഘോഷിനെ ടാഗ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്. പിന്നാലെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഔദ്യോഗിക പേജിലും ഇത് വന്നു. എന്നാല്‍ അബദ്ധം പറ്റിയത് മനസ്സിലാക്കിയ കുംബ്ലെ വൈകാതെ ട്വീറ്റ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: