ജയ്പൂര്‍: മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ജെറ്റ് എയര്‍വേസ് വിമാനം റാഞ്ചിയതായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വീറ്റ് ചെയ്ത യാത്രകാരന് പുലിവാലു പിടിച്ചു. നിതിന്‍ എന്ന യാത്രക്കാരനാണ് വിമാനം റാഞ്ചിയതായി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തത്.
മൂന്നുമണിക്കൂറായി ഞങ്ങള്‍ ജെറ്റ് എയര്‍ വേസ് വിമാനത്തിലാണ്, വിമാനം തട്ടിക്കൊണ്ട് പോയതായി സംശയമുണ്ട് സഹായിക്കണം മോദി സര് എന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് ഈ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.
അതിനിടെ, വിമാനം വഴിതിരിച്ചുവിട്ടതാണെന്ന് അറിയിച്ചുകൊണ്ട് വൈകാതെ ജെറ്റ് എയര്‍വേസിന്റെ പ്രതികരണം വന്നു. എന്നാല്‍ നിതിന്‍ അതും അത്ര വിശ്വാസമായില്ല.
മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ സാധാരണപോലെ സര്‍വീസ് നടക്കുന്നുണ്ടല്ലോ എന്നായി അടുത്ത ട്വീറ്റ്. ഏതായാലും ജയ്പൂരില്‍ വിമാനം ഇറങ്ങിയ ഉടനെ ഈ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ജീവനക്കാര്‍ ഉള്‍പ്പടെ 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: