മുണ്ടക്കയം: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ10-ാം വാര്‍ഡായ ഏന്തയാര്‍ കുപ്പായകുഴിയില് ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടിക നിര്‍മ്മാണ യൂണിറ്റിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഇഷ്ടിക നിര്‍മ്മാണ സ്ഥലത്തുനിന്നും ഉണ്ടാകുന്ന പൊടിപടലങ്ങളും,ശബ്ദവും കാരണം സമീപ വാസികളായ ആളുകള്‍ക്ക് ജീവിക്കുവാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കാട്ടി നാട്ടുകാര്‍ കോടതിയെ സമീപിച്ചു. യൂണിറ്റില്‍ നിര്‍മ്മാണം നടക്കുമ്പോള്‍ ഉണ്ടാകുന്ന പൊടിപടലങ്ങള്‍ സമീപ പ്രദേശത്തേയ്ക്ക് വ്യാപിക്കുന്നതോടെ പ്രദേശവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതായും. വീടുകളില്‍ ഇരുന്ന് രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കാത്ത വിധവും കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത വിധവുമാണ് ശബ്ദ മലിനീകരണം ഉണ്ടാകുന്നതെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും എടുക്കുവാന്‍ ഇവര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: