അച്ഛനായാലും മകനായാലും രാഷ്ട്രീയത്തില്‍ ഇങ്ങനെ തന്നെ വേണം. ബലാബലം നോക്കണം. ഇനി അച്ഛന്റ കീഴില്‍ അഭ്യാസം വേണ്ട. സ്വന്തമായിത്തന്നെ ആകാം. സമാജ്വാദി പാര്‍ട്ടി പിളര്‍ന്ന് അച്ഛന്റേയും മകന്റേയും രണ്ടു പാര്‍ട്ടിയായത് അല്പം താമസിച്ചെന്നു മാത്രം. തെരഞ്ഞെടുപ്പിനു മുന്‍പേ രണ്ടും രണ്ടായതാണ്. പക്ഷേ ഒരു നല്ലകാര്യം നടക്കുമ്പോള്‍ വേണ്ട. തോറ്റിട്ടാകാമെന്നായത് ഭംഗിയായി. എന്തിനും ഒരു കാരണം വേണമല്ലോ. യാദവകുലം ഇങ്ങനെയാണ് തല്ലിത്തകര്‍ന്നു മുച്ചൂടും തകരുന്നതെന്ന് ഇപ്പഴാണ് മനസിലാകുന്നത്.
അച്ഛന് തന്നെ ആശാനായതുകൊണ്ട് അടവുകളെല്ലാം മകനറിയാം. അച്ഛനിട്ടു എങ്ങനെ കൊടുക്കുമെന്നും മകനറിയാം. മറ്റു പാര്ട്ടിക്കാരുമായിട്ട് അങ്കം വെട്ടാനൊന്നും ഇനി നേരം കിട്ടില്ല. അച്ഛനും മകനും തന്നെ ധാരാളം. ആകെ കുടുംബ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ തമ്മിലടിക്കുന്നതും കുടുംബങ്ങളുടെ ആശിര്‍വാദത്തില്‍. പക്ഷേ പിളരുംതോറും വളരുന്ന പാര്‍ട്ടിയാണോ എന്നുകൂടി അറിയണം. അച്ഛനും മകനും നമ്മുടെ കെ.എം മാണിയെ അറിയാത്തതുകൊണ്ട് പെട്ടന്നതിനുള്ള സാധ്യത കുറവാണ്.
ഇങ്ങനെയൊക്ക പറഞ്ഞു വരുമ്പോള്‍ ഒരു കൈ കെ.എം.മാണിക്കും മകന് ജോസ്.കെ.മാണിക്കും നോക്കാവുന്നതാണ്. അത്യാവശ്യം മാണിയുടേയും കുഞ്ഞുമാണിയുടേയും കേരള കോണ്‍ഗ്രസാകാം. കേരള കോണ്‍ഗ്രസിന് പിളരാനാണെങ്കില് പ്രത്യേകിച്ചു കാരണവും വേണമെന്നില്ല. ഇനി അങ്ങനെയൊരു കാരണത്തിനാണെങ്കില്‍ ഇപ്പോള്‍ അതിനു പറ്റിയ സമയവുമാണ്. ഒരു വടക്കന്‍ സെല്‍ഫി ഇവിടേയും സാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: