അഞ്ചല്‍: സിനിമാ തീയേറ്ററിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് പത്തോളം വാഹനങ്ങളും റസ്റ്റോറന്റിന്റെ മെയിന്‍ ഗ്ലാസും തിയേറ്ററിന്റെ ഗേറ്റും അടിച്ചു തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് അഞ്ചല്‍ കാട്ടാമ്പള്ളി ബിജു വിലാസത്തില്‍ ബിജു(42)വിനെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 10.30നാണ് സംഭവം. അര്‍ച്ചന തിയേറ്ററിനു മുന്നില്‍ നിന്നും മുക്കട ജങ്ഷന്‍വരെ 100 മീറ്റര്‍ ദൂരത്തില്‍ റോഡരുകില്‍ പാര്‍ക്കുചെയ്തിരുന്ന കാറുകളുള്‍പ്പെടെ പത്തോളം വാഹനങ്ങളാണ് ഇയാള്‍ അടിച്ചുതകര്‍ത്തത്. സൊസൈറ്റി ജംഗ്ഷനിലെ അര്‍ച്ചന റസ്റ്റോറന്റിന്റെ ഗ്ലാസും തിയേറ്ററിന്റെ ഗേറ്റും ഇയാള്‍ അടിച്ചു തകര്‍ത്തു. ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിക്കെത്തിയ ഇയാളെ സെക്യുരിറ്റി ജീവനക്കാരന് തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ഫസ്റ്റ്ഷോ കണ്ട് വീട്ടിലെത്തിയ ശേഷം കമ്പിവടിയുമായെത്തി തിരിച്ചെത്തി അക്രമം നടത്തുകയായിരുന്നു. ബാഹുബലി ഡാ.. എന്ന കമന്റോടെയാണ് ഇയാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസികവൈകല്യമുള്ളതായാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: