ഹോം » സിനിമ » 

പഠനത്തിലും മാളവികയ്ക്ക് നൂറില്‍ നൂറ്

May 15, 2017

തൃശൂര്‍: അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും താന്‍ മിടുക്കിയാണെന്ന് മാളവിക തെളിയിച്ചു. ബാലതാരമായി സിനിമയിലെത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് നായികനിരയിലേക്കുയര്‍ന്ന മാളവികയ്ക്ക് പ്ലസ്ടു പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ നൂറില്‍ നൂറ് വിജയം. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കണ്ടറി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മാളവിക.

രണ്ടാംവര്‍ഷം എല്ലാപരീക്ഷക്കും നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചെങ്കിലും ഒന്നാം വര്‍ഷത്തില്‍ 20 മാര്‍ക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് ആകെ നൂറില്‍ നൂറ് അവകാശപ്പെടാനാകില്ല. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മാളവിക ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സിനിമ ഉപേക്ഷിക്കില്ലെന്നും പഠനവും സിനിമയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് താല്പര്യമെന്നും മാളവിക പറഞ്ഞു.

കറുത്തപക്ഷികള്‍ എന്ന കമല്‍ ചിത്രത്തിലെ അന്ധയായ ബാലികയെ അവതരിപ്പിച്ച് ശ്രദ്ധേയയായ മാളവിക കേരളസര്‍ക്കാരിന്റെ ആദ്യ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു. യെസ് യുവര്‍ ഓണര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അച്ഛന്‍ സേതു ചെന്നൈയിലെ ജപ്പാന്‍ എംബസിയില്‍ ജീവനക്കാരനാണ്. അമ്മ സുചിത്രക്കും മുത്തച്ഛന്‍ ഹരിദാസിനുമൊപ്പം തൃശൂരിലെ ഫ്‌ളാറ്റില്‍ വിജയം ആഘോഷിക്കുകയാണ് മാളവിക.

Related News from Archive
Editor's Pick