പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാന്‍

Wednesday 17 May 2017 8:23 am IST

മഴക്കാലമെത്തും മുന്‍പേ കേരളം പകര്‍ച്ച വ്യാധികളുടെ പിടിയിലേക്കാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. മഴയെത്തും മുന്‍പേ പൂര്‍ത്തിയാക്കേണ്ട മഴക്കാലപൂര്‍വ്വ ശുചീകരണം പലയിടത്തും ആരംഭിച്ചിട്ടുപോലുമില്ല. നല്ല കുടിവെള്ളം ലഭിക്കാത്ത പ്രദേശമായി കേരളം മാറിയിരിക്കുന്നു. കുമിഞ്ഞുകൂടുന്ന മാലിന്യം യഥാവിധി സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ല. ഒരു മഴ പെയ്താല്‍ കേരളം മാലിന്യക്കൂമ്പാരം ഒഴുകി നടക്കുന്ന പ്രദേശമായി മാറുമെന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പകര്‍ച്ച വ്യാധികള്‍ മൂലം മാത്രം 646 പേരാണ് മരിച്ചതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 ആദ്യ മൂന്നു മാസത്തിനിടയില്‍ 14 പേരുടെ ജീവനാണ് പകര്‍ച്ചവ്യാധികള്‍ മൂലം പൊലിഞ്ഞുപോയത്. പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്‌തെന്ന് അവകാശപ്പെട്ടിരുന്ന മാരക രോഗങ്ങളാണ് തിരിച്ചുവരുന്നത്. ഡിഫ്ത്തീരിയ ബാധമൂലം കുട്ടികള്‍ മരണമടഞ്ഞുവെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിക്കുന്നു. ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃക സൃഷ്ടിച്ച കേരളത്തിന്റെ സ്ഥിതിയാണിത്. തകര്‍ന്ന കേരള മാതൃകയുടെ ലക്ഷണങ്ങളാണ് ആരോഗ്യ രംഗത്ത് പ്രതിഫലിക്കുന്ന ഈ ദുരന്ത കാഴ്ചകള്‍. പ്രാഥമിക, സാമൂഹിക, റഫറല്‍ എന്ന ത്രിതല ആരോഗ്യ സംരക്ഷണ സംവിധാനത്തെക്കുറിച്ചും കേരളം ഊറ്റംകൊണ്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥ മുതല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വരെയുള്ള പരിമിതികളില്‍ കിടന്ന് ഈ ത്രിതല സംവിധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പനി പിടിച്ചാല്‍ പോലും ചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോകേണ്ട ഗതികേടിലേക്ക് കേരളം എത്തിയിരിക്കുന്നു. നഗര, മലയോര, തീരദേശ എന്നീ വേര്‍തിരിവില്ലാതെ കേരളം മാലിന്യംകൊണ്ട് നിറഞ്ഞ നാടായി മാറി. ഡെങ്കി വൈറസ് വാഹകരായ ടൈഗര്‍ മോസ്‌കിറ്റോസ് എന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് സര്‍വ്വേ സൂചിപ്പിക്കുന്നു. എച്ച് വണ്‍, എന്‍ വണ്‍ രോഗത്തിന് വഴിയൊരുക്കുന്ന വൈറസുകളും വ്യാപകമാണ്. ഗര്‍ഭിണികളും കുട്ടികളും വൃദ്ധന്മാരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഈ വൈറസ് ബാധക്ക് എളുപ്പം ഇരകളാകുന്നു. സൗജന്യ മരുന്നുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍പോലും ലഭ്യമാണെങ്കിലും രോഗബാധയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉറവിടങ്ങളില്‍ മാലിന്യം സംസ്‌കരിക്കണമെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അന്യന്റെ പറമ്പുകൡലേക്ക് മാലിന്യം വലിച്ചെറിയുന്നത് തന്റെ ആരോഗ്യത്തെക്കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്നത് ഓരോ പൗരനും തിരിച്ചറിയേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം ത്രിതല പഞ്ചായത്തുകള്‍ക്ക് ഏറെയുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ പരിവര്‍ത്തനം ഉണ്ടാകേണ്ടത് പൗരസമൂഹത്തിലാണ്. അവരുടെ പങ്കാളിത്തമില്ലാതെ മാലിന്യ സംസ്‌കരണ പ്രക്രിയ ഫലം കാണില്ല. മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പിലാക്കി വിജയിച്ച പ്രദേശങ്ങളിലെ മാതൃക സംസ്ഥാനത്തിന് ചേരുന്നവിധം നടപ്പിലാക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണാധികാരികള്‍ക്ക് ഉണ്ടാകണം. ശാസ്ത്രിയമായ മാലിന്യ സംസ്‌കരണ പ്രക്രിയ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗൗരവതരമായ ചിന്തയും സ്ഥായിയായ പദ്ധതി ആസൂത്രണവും ഒരുതലത്തിലും ഉണ്ടായിട്ടില്ല. വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ താല്‍ക്കാലിക നടപടികളില്‍ അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പതിവ്. ഇതില്‍ മാറ്റമുണ്ടായേ പറ്റൂ. വ്യാവസായിക മേഖലകളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന മാലിന്യം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ ചെറുതല്ല. വ്യവസായ ശാലകളില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യം സംസ്‌കരിക്കാനുള്ള ഫലപ്രദമായ പദ്ധതികള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാന്‍ കഴിയണം. ഇതിന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ കാണിക്കുന്ന അലംഭാവമാണ് ആപത്തുകള്‍ വിളിച്ചുവരുത്തുന്നത്. സ്വച്ഛ് ഭാരത മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെരുവിലേക്ക് ഇറങ്ങിയത് ഒരു ഭരണാധികാരിയുടെ ചുമതലാബോധത്തെ ഓര്‍മ്മിപ്പിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങളില്ലെങ്കില്‍ എത്ര വലിയ വികസനത്തിനും അര്‍ത്ഥമില്ലെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ആ മുന്നേറ്റം സൃഷ്ടിച്ച അലയൊലികള്‍ ഭാരതത്തില്‍ വന്‍ പരിവര്‍ത്തനമാണുണ്ടാക്കിയത്. കേരളത്തിന്റെ പരിതസ്ഥിതിക്കനുസരിച്ച് വൃത്തിയിലേക്കുള്ള ചുവടുമാറ്റത്തിന് സംസ്ഥാന ഭരണകൂടം നേതൃത്വം നല്‍കണം. ആരോഗ്യത്തിന്റെ പുതിയ കേരള മാതൃകയുടെ തുടക്കം വൃത്തിയുള്ള പരിസരങ്ങളില്‍ നിന്നായിരിക്കണം. പരിസര ശുചീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ വന്‍വിപത്തുണ്ടായാലേ തയ്യാറാകൂ എന്ന അവസ്ഥ മാറണം. മഴക്കാലം മുന്നിലെത്തിനില്‍ക്കേ അതിവേഗത്തിലുള്ള നടപടികളാണ് കേരളം പ്രതീക്ഷിക്കുന്നത്.