ഹോം » വിചാരം » മുഖപ്രസംഗം

കരുതിയിരിക്കാം, ഇത്തരം കടന്നാക്രമണങ്ങളെ

പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് വീണ്ടും സാധ്യത എന്നാണ് പുതിയ വാര്‍ത്ത. ശനിയാഴ്ച ഉണ്ടായ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകരാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തള്ളിക്കളയാവുന്ന മുന്നറിയിപ്പല്ല ഇത്. കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന സൈബര്‍ ആക്രമണം കഴിഞ്ഞദിവസമാണ് നടന്നത്. വാനാക്രൈ എന്ന പേരിലുള്ള റാന്‍സംവെയര്‍ ആക്രമണം ബാധിച്ചത് 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയും.

അമേരിക്കന്‍ ദേശീയസുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) നിന്ന് തട്ടിയെടുത്ത സൈബര്‍ ആയുധങ്ങളുടെ സഹായത്തോടെയാണ് കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്ത് നടന്നതില്‍ എക്കാലത്തെയും ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്നാണ് റാന്‍സംവെയര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ഫയലുകളെ രഹസ്യകോഡാക്കി മാറ്റുകയാണ് ഈ ആക്രമണത്തിലൂടെ. ഫയലുകള്‍ തിരികെ ലഭിക്കാനായി 19,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെട്ടത്. പ്രധാനമായും റഷ്യ, അമേരിക്ക, സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയായിരുന്നു റാന്‍സംവെയര്‍ പോറലേല്‍പ്പിച്ചത്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും, യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തേയും ആക്രമണം പ്രതികൂലമായി ബാധിച്ചു.

അമേരിക്കയെയാണ് ആദ്യം ഇക്കാര്യത്തില്‍ ലോകം പ്രതിക്കൂട്ടിലാക്കിയത്. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത് എന്നതായിരുന്നു പ്രധാന കാരണം. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ വീഴ്ചയാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പരസ്യമായിതന്നെ ആരോപണം ഉന്നയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസേര്‍ട് ഈ ആരോപണം തള്ളുക മാത്രമല്ല, ഉത്തര കൊറിയയാണ് സംഭവത്തിനു പിന്നിലെന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തു. ആഗോള തലത്തിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ദരാണ് ഉത്തര കൊറിയയുടെ പങ്ക് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈറസിനെ വിശകലനം ചെയ്തതില്‍നിന്നും കൊറിയന്‍ ഹാക്കേഴ്‌സ് മുന്‍പ് ഉപയോഗിച്ചിരുന്ന വൈറസുമായി സാമ്യമുണ്ട്. ലോകത്തെ പ്രമുഖ ആന്റി വൈറസ് കമ്പനികളെല്ലാം സമാനമായ കണ്ടെത്തലുകളാണ് പങ്കുവയ്ക്കുന്നത്. വാനാെ്രെക വൈറസിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് ഈ സൈബര്‍ വിശകലനങ്ങള്‍. പരിശോധനകള്‍ പൂര്‍ത്തിയായലെ ഇക്കര്യത്തില്‍ അന്തിമ നിഗമനം സാധ്യമാകൂ.

ഇന്ത്യയെ സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല. ഇന്ത്യന്‍ ബാങ്കിങ് മേഖലയേയും റാന്‍സംവെയര്‍ ആക്രമണം സാരമായി ബാധിച്ചേക്കാമെന്ന സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സൈബര്‍ സുരക്ഷയാണ് ഇന്ത്യന്‍ ഐടി വിദഗ്ധര്‍ സജ്ജീകരിച്ചിരിക്കുന്നത്. കമ്പനികള്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ ജാഗ്രതയിലാണ്. മുന്‍കരുതലായി ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. രാവിലെതന്നെ കമ്പ്യൂട്ടറുകളും ആന്റിവൈറസ് പ്രോഗ്രാമുകളും അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നാണു ബാങ്ക് ശാഖകള്‍ക്കു ലഭിച്ച നിര്‍ദേശം. പുറത്തുനിന്നു വരുന്ന മെയ്‌ലുകളിലെ അറ്റാച്ച്‌മെന്റ് തടയുന്ന സംവിധാനവും ഒരുക്കി.

സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി (എന്‍ഐസി) ബന്ധപ്പെട്ട സംവിധാനങ്ങള്‍ സുരക്ഷിതമാണ്. കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തിലെ ആക്രമണ തീവ്രതയുമായി തുലനം ചെയ്യുമ്പോള്‍ വളരെ ചെറിയ തോതിലേ ഇന്ത്യയില്‍ ഉണ്ടായുള്ളൂ. ആഗോളവല്‍ക്കരണത്തേയും ബഹുരാഷ്ട്രകമ്പനികളേയും എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ സൈബര്‍ ആക്രമണം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേണമെന്നു പറയുന്നവരുടെ വാക്കുകള്‍ക്ക് ഈ ആക്രമണം ശക്തി പകരുന്നു.

Related News from Archive
Editor's Pick