സോഷ്യലിസം എന്നാല്‍ തിന്നാനും കുടിക്കാനും ഇല്ലെങ്കിലും പൊതുജനം സഹിക്കണം എന്നതും കൂടിയാണോ.ഭക്ഷണം കിട്ടാതെ എല്ലാവരും വിശപ്പു ഭ്രാന്തില്‍ തുല്യരാകുന്നതിനേയും ചില കമ്യൂണിസ്റ്റുകാര്‍ സോഷ്യലിസം എന്നു വിളിച്ചേക്കാം.എന്നാല്‍ അത്തരം സോഷ്യലിസം വേണ്ടെന്നാണ് വെനസ്വലയില്‍ ജനം നാളുകളായി തുടരുന്ന പ്രതിഷേധത്തിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. തലസ്ഥാനമായ കാരക്കസില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 40ഓളം പേര് മരിച്ചു കഴിഞ്ഞു. പരിക്കേറ്റവര്‍ നൂറുകണക്കിനാണ്. ആയിരക്കണക്കിനു പേര് അറസ്റ്റിലും.
മുറഡോ,നിങ്ങള്‍ക്കു സമയമായി! എന്ന് പ്രക്ഷോഭകര്‍ വിളിച്ചു പറയുന്നു.കാരക്കസ് ഉള്‍പ്പടെ 12 നഗരങ്ങളില്‍ ജനം വെള്ളപ്പൊക്കംപോലെ ഒഴുകി എത്തുകയാണ്.പ്രഭാതത്തില്‍ തന്നെ തുടങ്ങുന്ന ഈ ജനാരവം നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കുകയാണ്.ഓരോ നഗരത്തിലേയും ആള്‍ക്കൂട്ടം പതിനായിരക്കണക്കിനു വരും.എല്ലാ റാലികളുടേയും അമ്മ എന്നാണ് പ്രക്ഷോഭകര്‍ ഇതിനു പേരിട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ തെരുവിലാണ്.കല്ലും പാറയും മറ്റുംവെച്ച് നിരത്തുകള്‍ ഉപരോധിക്കുകയാണവര്.പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപ്പസിനെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തു.കമ്യൂണിസ്റ്റു ഭരണകൂടം സാധാരണ ചെയ്യുന്നപോലെ കൊലപാതക കുറ്റമാണ് ലോപ്പസിനെതിരെ ചാര്‍ത്തിയിരിക്കുന്നത്.
ഹ്യൂഗോ ഷാവോസ് പോളീഷിട്ടു മിനുക്കിയ കമ്യൂണിസ്റ്റു വെനസ്വലയിലെ സോഷ്യലിസത്തിന്റെ കാതലില്ലാത്ത യഥാര്‍ഥമുഖമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഷാവോസിന്റെ പിന്‍ഗാമിയായ പ്രസിഡന്റ് നിക്കോളാസ് മുറഡോവിന്റെ ഭരണത്തിലൂടെയാണത്.രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി രാജ്യത്തെ അള്ളിപ്പിടിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിലേറെയായി.പ്രസിഡന്റ് മുറഡോ രാജിവെക്കണം എന്നതില്‍ കുറച്ചൊന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നില്ല.ജീവന് നിലനിര്‍ത്താന്‍ അവശ്യമായ അടിസ്ഥാന ഭക്ഷ്യ വസ്തുക്കള്‍പ്പോലും കിട്ടുന്നില്ല.ഉള്ളതിനാവട്ടെ തീപിടിച്ച വില.ജീവന് രക്ഷാമരുന്നുകള്പോലും കിട്ടാനില്ല.കമ്യൂണിസ്റ്റുകള്‍ എന്നും പറയുന്ന തട്ടിപ്പുപോലെയാണ് മുറഡോയും പറയുന്നത്,എല്ലാറ്റിനും കാരണം അമേരിക്കയാണെന്ന്!പിന്നെ എന്തിന് ഇയാള്‍ പ്രതിസന്ധിയുടെ പേരില്‍ അമേരിക്കയോട് യാചിക്കുന്നു എന്നു ചോദിച്ചാല്‍ ഉത്തരമില്ല.മുറഡോയ്ക്ക് കാണാന്‍ നല്ലൊരു മുഖമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല.
പ്രസിഡന്റിനു വേണ്ടതു നല്ല കാഴ്ചപ്പാടുകളാണ്.കുറഞ്ഞപക്ഷം തന്റെ ജനം പട്ടിണി കിടക്കരുതെന്ന പ്രായോഗിക ബുദ്ധിയെങ്കിലും.ഒരു മുല്ലപ്പൂ വിപ്ളവത്തിന്റെ മണം വെനസ്വലയില്‍ മണക്കുന്നുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: