ഹോം » പ്രാദേശികം » എറണാകുളം » 

ഭൂമിഗീതം: മുന്‍കളക്ടര്‍ക്കെതിരെയുള്ള കേസ് തള്ളി

May 18, 2017

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ഭൂമിഗീതം സ്റ്റേജ്‌ഷോയില്‍നിന്നും ലഭിച്ച ലക്ഷക്കണക്കിന് തുക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നും നേതൃത്വം നല്‍കിയ മുന്‍ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ എല്ലാ നടപടികളും മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 2014 ആഗസ്റ്റ് 31നാണ് കൊച്ചി മറൈന്‍ഡ്രൈവില്‍ ഭൂമിഗീതം സ്റ്റേജ്‌ഷോ നടത്തിയത്.
മലയാള സിനിമ സംഗീത പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ പരിപാടിയില്‍നിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിച്ച് ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ സമാഹരിച്ച പണത്തിന്റെ 85 ശതമാനം ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കി ഭൂമിഗീതം പരിപാടി നടത്തിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

Related News from Archive
Editor's Pick