ഹോം » സിനിമ » 

വിമണ്‍ കളക്ടീവ് ഇന്‍ സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം

വെബ് ഡെസ്‌ക്
May 19, 2017

തിരുവനന്തപുരം: മലയാളത്തിലെ വനിതാചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കളക്ടീവ് ഇന്‍ സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവുമെന്ന് നടി മഞ്ജു വാര്യര്‍. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തു പിടിക്കലാണ് ഉദ്ദേശിക്കുന്നത്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദിയാണിത്. മുഖ്യന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും നല്‍കിയ മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ഇന്നലെയാണ് പുതിയ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. അഞ്ജലി മേനോന്‍, മഞ്ജുവാര്യര്‍, റീമകല്ലിങ്കല്‍, പാര്‍വതി, വിധുവിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, ബീനാപോള്‍, സയനോര ഫിലിപ്പ്, ആശ ആച്ചി ജോസഫ്, ഇന്ദുനമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മക്കുവേണ്ടി ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധികള്‍ പറഞ്ഞു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.

സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്‌സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് ശൗചാലയസൗകര്യം പോലുമില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

 

Related News from Archive
Editor's Pick