ഹോം » പ്രാദേശികം » വയനാട് » 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ജി. വിജയന്‍ അന്തരിച്ചു

May 19, 2017

കല്‍പറ്റ:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കല്‍പറ്റ എമിലി ഹരിശ്രീയില്‍ വി.ജി. വിജയന്‍(59) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 4.40ന് വൈത്തിരി ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 11 മുതല്‍ ഉച്ചവരെ വയനാട് പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വൈകുന്നേരം നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഞ്ചയനം ചൊവ്വാഴ്ച.
പുല്‍പള്ളി ഇരുളം മണല്‍വയല്‍ വേലിക്കകത്തുപീടികയില്‍ പരേതനായ ഗോപാലന്‍-മാധവി ദമ്പതികളുടെ മകനാണ് വിജയന്‍. പിണങ്ങോട് ജി.യു.പി.എസ് അധ്യാപിക വനജയാണ് ഭാര്യ. ചെന്നലോട് ജി.യു.പി.എസ് അധ്യാപിക അമൃത, ബത്തേരി സെന്റ മേരീസ് കോളേജ് അസി. പ്രഫ. അരുണ എന്നിവര്‍ മക്കളും കണ്ണൂര്‍ ചിന്മയ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലൈബ്രേറിയന്‍ തിരുനെല്ലി മൂര്‍ക്കാട്ടില്‍ പ്രശാന്ത് മരുമകനുമാണ്. സഹോദരങ്ങള്‍: പരേതനായ വിശ്വനാഥന്‍, രാജന്‍, ശാന്ത, സുരേന്ദ്രന്‍, സജീവന്‍.
ജനയുഗം ദിനപ്പത്രം വയനാട് ബ്യൂറോ ചീഫ്, അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന കമ്മിറ്റിയംഗം, സി.പി.ഐ കല്‍പറ്റ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി, കിസാന്‍സഭ കല്‍പറ്റ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികെയാണ് വിജയന്റെ മരണം. ദീര്‍ഘകാലം വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റായിരുന്ന അദ്ദേഹം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയുടെ വയനാട് പ്രതിനിധിയായി ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

Related News from Archive
Editor's Pick