റേഷന്‍ കയറ്റിറക്ക് പ്രശ്‌നംഒത്തുതീര്‍ന്നു; തൊഴിലാളികളുടെ നിന്ത്രണം ക്ഷേമ ബോര്‍ഡിന്

Friday 19 May 2017 10:12 pm IST

കണ്ണൂര്‍: ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് തല ഗോഡൗണുകളിലെ റേഷന്‍ സാധനങ്ങളുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ എം അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. നിലവിലുള്ള ഹോള്‍സെയില്‍ റേഷന്‍ ഡിപ്പോകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പുതുതായി ആരംഭിക്കുന്ന ഗോഡൗണുകളില്‍ ജോലി നല്‍കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ധാരണയായി. ഇറക്കുകൂലിയായി ലെവി ഉള്‍പ്പെടെ 7.75 രൂപയും തൂക്കി കയറ്റുന്നതിന് ലെവി ഉള്‍പ്പെടെ 11.60 രൂപയും തീരുമാനിച്ചു. റേഷന്‍ മേഖലയില്‍ അട്ടിമറി സമ്പ്രദായം അവസാനിപ്പിക്കാനും ചുമട്ടുതൊഴിലാളികളുടെ ക്രമീകരണവും നിയന്ത്രണവും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് നല്‍കുന്നതിനും തീരുമാനമായി. യോഗത്തില്‍ യൂനിയനുകളെ പ്രതിനിധീകരിച്ച് കെ പി രാജന്‍ (സിഐടിയു), കെ വി രാഘവന്‍ (ഐഎന്‍ടിയുസി), പി പി അഷ്‌റഫ് (സിടിയു), പി കൃഷ്ണന്‍ ( ബിഎംഎസ്), സവില്‍ സപ്ലൈസ് ഏരിയാ മാനേജര്‍ വി വി സുനില, ഉദ്യോഗസ്ഥരായ കെ എം ഉദയന്‍, കെ രാജീവ്, എം സുനില്‍ കുമാര്‍, കെ എ ഭാനുപ്രകാശ്, പ്രജുള, എം എം ജയപ്രകാശ്, ഇ കെ പ്രകാശന്‍, എം കെ മനോജ് എന്നിവര്‍ പങ്കെടുത്തു.