ഹോം » പ്രാദേശികം » മലപ്പുറം » 

അധികൃതരെ മുട്ടുകുത്തിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

May 19, 2017

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെ നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക, ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക, മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ നാലുദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയത്.
ജില്ലാ കളക്ടര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഉറപ്പ് കിട്ടാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അവസ്ഥയും ദുരിതപൂര്‍ണ്ണമാണ്.
സര്‍ജറി വിഭാഗത്തില്‍ 19 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മൂന്നു പേര്‍ മാത്രമാണുള്ളത്. അതിലൊരാള്‍ താല്‍ക്കാലികവും. പല വിഷയങ്ങളും പഠിപ്പിക്കാന്‍ പ്രൊഫസര്‍മാരില്ല. രോഗികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുമില്ല. ഗുരുതര രോഗമുള്ളവരെപ്പോലും തറയില്‍ കിടത്തുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റേണ്ട ഗതികേട്. ഇത്തരം പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയത്.

Related News from Archive
Editor's Pick