കഞ്ചാവ് വില്‍പ്പന : രണ്ട് പേര്‍ അറസ്റ്റില്‍

Friday 19 May 2017 9:54 pm IST

തൃശൂര്‍: കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ഗൂണ്ടയടക്കമുള്ള രണ്ടംഗ സംഘം അറസ്റ്റില്‍. വടൂക്കര പുലിക്കോടന്‍ വീട്ടില്‍ എഡ്വിന്‍(20), പനമുക്ക് വണിയില്‍ വീട്ടില്‍ വിഷ്ണു (22) എന്നിവരെയാണ് ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തത്. വടൂക്കര, അരണാട്ടുകര നേതാജി ഗ്രൗണ്ട്, വലിയാലുക്കല്‍ ഗ്രൗണ്ട്, തൃശൂര്‍ ശക്തന്‍സ്റ്റാന്‍ഡ് പരിസരം, കോര്‍പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കുപ്രസിദ്ധ ഗൂണ്ട ശിവന്‍ ബഷീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് ഇരുവരും ആവശ്യക്കാര്‍ക്ക് സ്ഥലത്ത് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് രീതി. ഡിണ്ടിഗല്‍, പഴനി, സേലം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നും മൊത്തകച്ചവടക്കാരില്‍ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുവന്നതിനുശേഷം രാത്രി കോള്‍പടവിലെ മോട്ടോര്‍ ഷെഡുകളില്‍ വച്ച് ചെറിയ പാക്കറ്റുകളില്‍ പായ്ക്ക് ചെയ്ത് പാടത്തുതന്നെ സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്. തമിഴ്‌നാട്ടില്‍ നിന്നും, ബാംഗളൂരില്‍ നിന്നും രാത്രിവരുന്ന ടൂറിസ്റ്റ് ബസിലാണ് ഇവര്‍ കഞ്ചാവുമായി സഞ്ചരിക്കുന്നത്. ഇവരുടെ കയ്യില്‍ നി്ന്നും വില്‍പനയ്ക്കായി കൊണ്ടുവന്നിരുന്ന മൊത്തം നാല്‍പതോളം പൊതി കഞ്ചാവ് കണ്ടെടുത്തു. വെസ്റ്റ് എസ്‌ഐ ഔസേഫ്, ഈസ്റ്റ് എസഐ ശശികുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്‌ഐമാരായ എം.പി.ഡേവിസ്, വി.കെ.അന്‍സാര്‍ എഎസ്െഎമാരായ. പി.എം.റാഫി, എന്‍.ജി.സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, എം.സ്. ലിഗേഷ്, കെ.ബി.വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.