ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരീക്ഷണങ്ങള്‍ പിന്‍വലിച്ചു

Saturday 20 May 2017 9:35 am IST

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആംഗുലര്‍ റിവേഴ്സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നീ പരീക്ഷണങ്ങളാണ് ഒഴിവാക്കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം കുറച്ചത് തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. 75 സെന്റീമീറ്ററായാണ് കമ്പികളുടെ ഉയരം കുറച്ചത്. ട്രാക്കില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, റിബണ്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. നേരത്തെ, വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്, ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.