കുമളി: എന്‍സിസിയുടെ എയ്റോ സെന്ററും, കേഡറ്റുകള്‍ക്കുള്ള പരിശീല കേന്ദ്രവും പീരുമേട് താലൂക്കിലെ സത്രത്തില്‍ ആരംഭിക്കും. ശിലാ സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 3ന് വണ്ടിപെരിയാറില്‍ നിര്‍വഹിക്കും.
കേരള, ലക്ഷദീപ് എന്നിവയുള്‍പ്പെടുന്ന എന്‍സിസി ഡയറക്ടറേറ്റിന്റെ കീഴിലാണ് ഒരേ സമയം എഴുന്നൂറോളം കേഡറ്റുകള്‍ക്ക് പരിശീലനം നല്കുവാന് കഴിയുന്ന കേന്ദ്രം ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റേഞ്ച്, ഒബ്സ്റ്റാക്കില് റേഞ്ച്, കേഡറ്റുകള്‍ക്ക് താമസിക്കാനായുള്ള ഡോര്‍മെറ്ററി എന്നിവയും ഉണ്ടാകും. റവന്യു വകുപ്പിന്റെ 12 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം രാജ്യ പ്രതിരോധ വകുപ്പിന്റെയും, ആഭ്യന്തര വകുപ്പിന്റെയും ശ്രദ്ധ കേന്ദ്രമായി മാറും.
ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ തുകയുടെ എഴുപത്തിയഞ്ച് ശതമാനവും നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: