ഗുരുവായൂര്‍: ബൈക്ക് മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പാവറട്ടി മരുതയൂര് രായംമരക്കാര്‍ വീട്ടില്‍ അജ്മലിനേയാണ് (20) ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ കാരക്കാട് വെച്ച് വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തില്‍ പിടികൂടിയത്.
ബൈക്കിന്റെ നമ്പര്‍ മാറ്റി സഞ്ചരിച്ചിരുന്ന അജ്മലിനെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചെടുത്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ മാസം പൂക്കോട് ഹരിദാസ് നഗറിലെ ദിലീപിന്റെ മോഷ്ടിച്ചെടുത്ത പള്‍സര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു. പാവറട്ടി പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ രണ്ടുകേസുകള്‍ നിലവിലുണ്ട്.
പാവറട്ടിയിലെ ഒരുവീട്ടമ്മയെ തലക്കടിച്ച് മാല കവര്‍ന്ന കേസിലും, പാവറട്ടിയിലെ ബൈക്ക് മോഷണകേസിലും പ്രതിയാണ് അജ്മല്‍. ഈ കേസുകളില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷമാണ് പൂക്കോട് ഹരിദാസ് നഗറിലെ ദിലീപിന്റെ ബൈക്ക് ഗുരുവായൂരി ലെ വടക്കേനടയില്‍ നിന്നും കഴിഞ്ഞമാസം മോഷ്ടിച്ചെടുത്തത്.
പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എയ്ഞ്ചല്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: