ഇസ്ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനിയെ വിവാഹം കഴിക്കേണ്ടി വന്ന ഉസ്മ എന്ന ഇന്ത്യന്‍ യുവതിക്ക് ആശ്വാസമേകി ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് മൊഹ്സീന് അക്തര്‍ കയാനി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ദല്‍ഹി സ്വദേശിനിയായ ഉസ്മയുടെ വീസാ കാലാവധി മേയ് 30ന് അവസാനിക്കുകയാണ്. തഹിര്‍ അലി എന്ന പാകിസ്ഥാനിയാണ് ഉസ്മയെ വിവാഹം കഴിച്ചത്. തന്നെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്. തന്നെ നിര്‍ബന്ധിച്ച് നിക്കാമ്മയില്‍ ഒപ്പുവയ്പ്പിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെ തഹിര്‍ അലി സമര്‍പ്പിച്ച അപേക്ഷ കോടതി മടക്കിയിരുന്നു. ഉസ്മയുമായി സ്വകാര്യമായി സംസാരിക്കാനും അലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ തന്റെ ചേംബറില്‍ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താമെന്നായിരുന്നു ജസ്റ്റീസ് കയാനിയുടെ നിര്‍ദേശം. കൂടിക്കാഴ്ച ഉസ്മ നിരസിക്കുകയും ചെയ്തു. തന്നെ സ്വദേശത്തേക്ക് മടക്കികൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഉസ്മ നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെയും സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: