ന്യൂദല്‍ഹി: പേ റ്റിഎം പേമെന്റ്സ് ബാങ്ക് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മുഴുവന്‍ ബാങ്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപയായിരിക്കും കമ്പനി നിക്ഷേപിക്കുക. ആദ്യ വര്‍ഷം 31 ബ്രാഞ്ചുകളിലായി 3,000 ഉപഭോക്തൃ സേവനങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. ആദ്യം അക്കൗണ്ടെടുക്കുന്ന ഒരു മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്കുകളും കമ്പനി നല്‍കുന്നുണ്ട്. 2020 ആകുന്നതോടെ 500 മില്ല്യണ്‍ ഉപഭോക്താക്കളെ നേടിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
സീറോ ബാലന്‍സോടു കൂടിയ അക്കൗണ്ടുകളും പേടിഎം പേമെന്റ്സ് ബാങ്കില്‍ നിന്നും ലഭ്യമാണ്. ഓണ്‍ലൈന്‍ ഇടപാടുകളായ ഇമീഡിയേറ്റ് പേമെന്റ് സര്‍വ്വീസ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നിവ തീര്‍ത്തും സൗജന്യമായാണ് നടക്കുന്നത്.
സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 4 ശതമാനം വാര്‍ഷിക പലിശയാണ് പേ റ്റിഎം പേമെന്റ്സ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ കമ്പനിയുടെ പ്രതിയോഗികളായ എയര്‍ടെല്‍ പേമെന്റ് ബാങ്ക് 7.2 ശതമാനം പലിശയാണ് നല്‍കുന്നത്. ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് നല്കുന്ന പലിശ 4.5-5.5 ശതമാനമാണ്.
രാജ്യത്തെ മറ്റ് പ്രമുഖ ബാങ്കുകളിലെ പോലെ പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളും പേ റ്റിഎം ഈടാക്കും. നോണ്‍ മെട്രോ സിറ്റികളില്‍ അഞ്ച് സൗജന്യ ഇടപാടുകളും, മെട്രോ സിറ്റികളില്‍ മൂന്ന് സൗജന്യ ഇടപാടുകളുമാണ് പേ റ്റിഎം പേമെന്റ്സ് ബാങ്ക് നല്‍കുന്നത്. പിന്നീടുള്ള ഓരോ ഇടപാടിനും 20 രൂപ വീതവും പണമെടുക്കുന്നത് ഒഴിവാക്കിയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ വീതവുമായിരിക്കും ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: