മുഖ്യമന്ത്രി പിണറായി വിജയന് വലിയ തമാശയും പറയും എന്നു മനസിലായി. അല്ലെങ്കില്‍ പിന്നെ രാഷ്ട്രീയരംഗം ശുദ്ധമാക്കിയെന്ന് കോമഡി പറയില്ലല്ലോ. എന്തായാലും കേരളം രക്ഷപെട്ടു. ഒറ്റ വര്‍ഷംകൊണ്ട് ഇതു സാധിച്ചല്ലോ. പക്ഷേ രാഷ്ട്രീയ രംഗം ശുദ്ധമാക്കി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കെ.എം മാണിയുമായുള്ള പുതിയ കൂട്ടുകെട്ടിനെയാണോ എന്ന് കാനം രാജേന്ദ്രനു സംശയം. അല്ലെങ്കില്‍ അഴിമതിക്കേസില്‍ വാദിക്കും പ്രതിക്കും ഒരേപോലെ കാബിനറ്റ് റാങ്കുള്ള പദവി നല്കിയതാണോ ഈ ശുദ്ധീകരണം.
വി.എസ് അച്യുതാന്ദന് വഴി ജയിലിലടച്ച ആര്.ബാലകൃഷ്ണപിള്ളയ്ക്ക് അച്യുതാനന്ദന്റെതിനു തുല്യമായ പദവി. സഖാക്കള്‍ക്ക് ചില സംശയങ്ങളുണ്ട്, വി.എസിനെ ചെറുതാക്കാനാണോ ഇനി പിള്ളയ്ക്കും ഇങ്ങനെ ഒരു സ്ഥാനം കൊടുത്തത്! പോലീസിന്റെ തൊപ്പി കള്ളനും ചേരുംപോലെയല്ലേ ഇത്. വേണ്ടാത്തിടത്ത് ആലുമുളച്ചാല്‍ അതും തണലാക്കുന്നതാണ് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം എന്നുവരികില്‍ എന്തു ചെയ്യാനാണ്. സഖാക്കള്‍ക്കു മിണ്ടാട്ടമില്ല. നേതാക്കള്‍ ഇങ്ങനെയായാല്‍ ആരോടു പരാതി പറയും. എന്തെല്ലാം ചെയ്തും പിടിച്ചും തല്ലുകൊണ്ടുമൊക്കെ നേടിക്കൊടുത്തതാണ് ഭരണം.
മാണിയെ കേരളം മുഴുവന്‍ കള്ളനെന്നു വിളിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് എല്‍ഡിഎഫ്. ഇപ്പോള്‍ ആ മാണി വിശുദ്ധന്. ഇതെന്തു മറിമായമെന്നു ചോദിച്ചാല്‍ അതാണ് സിപിഎം എന്നാണുത്തരം. തന്റെ കാലത്ത് ഉദ്ഘാടനം ചെയ്തത് വീണ്ടും ഉദ്ഘാടനം ചെയ്തും പണി തീരാറായതും വീണ്ടും ഉദ്ഘാടനം ചെയ്തുമാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ പിന്നെന്തു ചെയ്യുമെന്ന് അദ്ദേഹം ആശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: