ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കണ്ണൂറ്‍ നഗരത്തില്‍ മാലിന്യപ്പുഴ; ജനങ്ങള്‍ ഭീതിയില്‍

July 12, 2011

കണ്ണൂറ്‍: മഴ കനത്തതോടെ നഗരം മലിനജലത്തിണ്റ്റെ പിടിയിലായി. ആവശ്യമായ ഡ്രെയിനേജ്‌ സൌകര്യങ്ങളില്ലാത്തതാണ്‌ മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്‌. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മഴവെള്ളത്തില്‍ ഒഴുകിനടക്കുകയാണ്‌. മാലിന്യപ്പുഴയിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്‌ നേരിടുന്നത്‌. താണ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസിക്ക്‌ മുന്നില്‍ ദേശീയപാതയുടെ ഒരുഭാഗം മുഴുവന്‍ മലിനജലം കെട്ടിക്കിടക്കുകയാണ്‌. ഇവിടെയുള്ള ബസ്‌ വെയിറ്റിംഗ്‌ ഷെല്‍ട്ടര്‍, പെട്ടിക്കടകള്‍ എന്നിവ മലിനജലത്തില്‍ മുങ്ങിക്കിടക്കുകയാണ്‌. വെള്ളം കയറി രണ്ട്‌ ദിവസമായിട്ടും പരിഹാരം കാണ്ടെത്താത്തത്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. അശാസ്ത്രീയമായ ഡ്രെയിനേജ്‌ നിര്‍മ്മാണവും ഓവുചാലുകളില്‍ മാലിന്യം നിറഞ്ഞുകവിയുന്നതുമാണ്‌ നഗരഹൃദയങ്ങള്‍ തോടുകളായി മാറാന്‍ കാരണമായത്‌. ഓവുചാലുകള്‍ നിറഞ്ഞതിനാല്‍ ചെറിയ മഴയില്‍ പോലും മലിനജലം റോഡിലൂടെ ഒഴുകുകയാണ്‌. കെഎസ്‌ആര്‍ടിസി സ്റ്റേഷനിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ ഒഴുകി പ്രദേശം മാലിന്യപ്പുഴയായി മാറിയിരിക്കുകയാണ്‌. ദിനംപ്രതി ആയിരക്കണക്കിന്‌ ജനങ്ങള്‍ ബസ്‌ കാത്തുനില്‍ക്കുന്ന സ്ഥലമാണിത്‌. മാലിന്യവെള്ളത്തില്‍ നിന്നാണ്‌ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബസ്‌ കയറുന്നത്‌. റോഡിലെ ഡിവൈഡര്‍ വരെ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇതുവഴി വാഹന ഗതാഗതവും ദുസ്സഹമായിട്ടുണ്ട്‌. നഗരം ചീഞ്ഞുനാറുമ്പോഴും നഗരസഭാ അധികൃതര്‍ ഇതൊന്നും അറിയാത്ത ഭാവത്തിലാണുള്ളത്‌.

Related News from Archive
Editor's Pick