ഹോം » വിചാരം » 

ദൈവത്തിന്റെ സ്വത്തും ജനകീയാവശ്യങ്ങളും

July 12, 2011

തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം അനാവരണം ചെയ്യപ്പെടുമ്പോള്‍ ഭാവിയില്‍ ഈ സ്വത്ത്‌ ആരുടെ കൈവശമാകണമെന്നും അത്‌ സൂക്ഷിച്ചുവെക്കാന്‍ ഏതുതരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമുള്ള രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്ന്‌ വരുന്നു. സമ്പത്തിന്റെ മൂല്യം കൊണ്ടുതന്നെ രാജകുടുംബത്തിന്റെ വിശ്വസ്തത ബോധ്യമാകുന്നു. ഈ നിധി രാജകുടുംബത്തിലേക്കോ സര്‍ക്കാരിലേക്കോ ട്രസ്റ്റിലേക്കോ എങ്ങനെ കൈമാറണമെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്‌. ഇക്കാലമത്രയും ശ്രീപത്മനാഭന്റെ ദാസന്മാരായി ഭരിച്ച രാജകുടുംബത്തിന്‌ വ്യക്തിപരമായി ഭഗവാന്‌ സമര്‍പ്പിച്ച സ്വത്തില്‍ അവകാശം ഇല്ല. സര്‍ക്കാര്‍ ഈ രംഗത്തു കടന്നുകയറി എന്തെങ്കിലുമൊക്കെ കൈക്കലാക്കാന്‍ ശ്രമിച്ചാല്‍ അത്തരം വസ്തുക്കള്‍ക്ക്‌ ആവശ്യമായ സുരക്ഷ നല്‍കാന്‍ അവര്‍ക്കാവില്ല.
വളരെ കൂടിയ അളവില്‍ സ്വര്‍ണ്ണവും ആഭരണങ്ങളും വെള്ളിയും പല മൂല്യത്തിലുള്ള നോട്ടുകെട്ടുകളുമടങ്ങുന്ന ഭണ്ഡാര നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുപ്പതി ക്ഷേത്രത്തിന്റെ വഴി സ്വീകരിക്കുന്നതാണ്‌ ഇവിടേയും അഭികാമ്യം.
കിട്ടുന്ന സ്വര്‍ണത്തില്‍ ഒരുഭാഗം തിരുമല തിരുപ്പതി ദേവസ്ഥാനം റിസര്‍വ്‌ ബാങ്കിന്‌ കൈമാറുകയോ വില്‍ക്കുകയോ ചെയ്യുന്നു. ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളിലും നല്ലൊരു തുക നിക്ഷേപിച്ച്‌ അതിന്റെ പലിശ മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു.
നിധിയുടെ കാര്യത്തിലാണെങ്കില്‍ പൗരാണിക സ്വഭാവം ഇല്ലാത്ത രത്നങ്ങളും ആഭരണങ്ങളും വില്‍ക്കാന്‍ സര്‍ക്കാരിന്‌ അനുമതി നല്‍കാവുന്നതാണ്‌. സാധിക്കുമെങ്കില്‍ അന്താരാഷ്ട്ര ലേലത്തില്‍ തന്നെ അവ വില്‍ക്കുവാനും അതില്‍നിന്ന്‌ കിട്ടുന്ന സംഖ്യ ദേവസ്ഥാനത്തിനോ ട്രസ്റ്റിനോ കൈകാര്യം ചെയ്യാന്‍ അനുവദിക്കാവുന്നതാണ്‌. നിധിയിലെ അത്യപൂര്‍വമായ വസ്തുക്കള്‍ രാജകുടുംബത്തിന്റെ പ്രതിനിധിക്ക്‌ അതിന്റെ സംരക്ഷണത്തിലും കണക്കെടുപ്പിലും പങ്കാളിയാകാന്‍ അവസരം നല്‍കി സര്‍ക്കാരിന്‌ സൂക്ഷിക്കാവുന്നതാണ്‌. ആവശ്യമില്ലാത്ത ധനം, അതായത്‌ നിത്യനിദാനത്തിന്‌ ആവശ്യമില്ലാത്തതും എന്നാല്‍ അറകളില്‍ സൂക്ഷിച്ചുവരുന്നതുമായ ആഭരണങ്ങളും മറ്റും ട്രഷറി നിക്ഷേപങ്ങളാക്കി മാറ്റുകയും അതിന്റെ പലിശകൊണ്ട്‌ ഉത്സവ നടത്തിപ്പും ഭക്തര്‍ക്കുള്ള മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താവുന്നതുമാണ്‌.
സര്‍ക്കാരിന്‌ വമ്പിച്ച നിക്ഷേപങ്ങളുണ്ടാവുമ്പോള്‍ അത്‌ വന്‍കിട പദ്ധതികളില്‍ മുതല്‍മുടക്കുകയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പ്രാചീനകാലത്തെ സ്വത്തുക്കള്‍ ഒന്നും അനക്കാതിരിക്കണമെന്ന്‌ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സംരക്ഷണത്തിനായുള്ള ആധുനിക സംവിധാനങ്ങളും സുരക്ഷാഭടന്മാരുടെ ചെലവും അമ്പലത്തിനുതന്നെ വലിയ സാമ്പത്തിക ഭാരമായേക്കും. അത്‌ തികച്ചും അനാവശ്യവുമാണ്‌. ആസ്തികള്‍ സര്‍ക്കാരിന്‌ നൂറുശതമാനം ഉറപ്പുനല്‍കാന്‍ കഴിയുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചാല്‍ സുരക്ഷാ ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറക്കാം.
രാജാക്കന്മാരും രാജ്ഞിമാരും ആദരവോടെ നോക്കിക്കാണുന്ന ഒരു പൗരാണിക ക്ഷേത്രമെന്ന നിലയില്‍ നിധിശേഖരത്തിന്റെ അടുത്തുചെല്ലാന്‍പോലും അവര്‍ ഭയപ്പെട്ടിരുന്നു എന്ന വാസ്തവം മനസ്സിലാക്കി ഭാവിയില്‍ ദൈവവിശ്വാസവും വിശ്വസ്തതയുമുള്ള ട്രസ്റ്റിമാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്‌. ഈ പണം ഉടനെയും പിന്നീടും ഭാവാത്മകമായി ഉപയോഗിക്കുന്നതിനെ മിക്കവരും അനുകൂലിക്കും. അതല്ലെങ്കില്‍ ആഭരണങ്ങളും സ്വര്‍ണ്ണവും കൂട്ടിവെച്ച്‌ ആര്‍ക്കും ഉപയോഗമില്ലാതെ ഭാവിയില്‍ കരുതല്‍ ശേഖരത്തിന്റെ മൂല്യം വര്‍ധിപ്പിക്കുക മാത്രമാകും ഫലം.
രാജാക്കന്മാര്‍ പടിയിറങ്ങി. അവരുടെ ആനുകൂല്യങ്ങളും പ്രിവിപേഴ്സും പാര്‍ലമെന്റ്‌ നിയമംമൂലം നിര്‍ത്തലാക്കി. രാഷ്ട്രീയക്കാരും ജനങ്ങള്‍ മനസ്സിലാക്കുന്നതുപോലെ അഴിമതിക്കതീതരല്ല.
ഇത്തരം സാഹചര്യങ്ങളില്‍ പാവപ്പെട്ടവനും സഹായമര്‍ഹിക്കുന്നവനും വേണ്ടി സര്‍ക്കാര്‍ പ്രസക്തവും ലാഭകരവുമായ പദ്ധതികളില്‍ ഈ സ്വത്ത്‌ നിക്ഷേപിക്കേണ്ടതാണ്‌.
-ആര്‍.സ്വാമിനാഥന്‍

Related News from Archive

Editor's Pick