ഹോം » ഭാരതം » 

ഹുക്ക വാങ്ങി രാഹുല്‍ വെട്ടിലായി

July 12, 2011

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചരിക്കുന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഒരു ഹുക്ക മൂലം വെട്ടിലായിരിക്കുകയാണ്‌.
ഉത്തര്‍പ്രദേശിലെ സാധാരണ കര്‍ഷകര്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും പദയാത്ര നടത്തിയും സമരം നയിച്ച രാഹുലിന്‌ ഗ്രാമസമ്മേളനമായ മഹാ പഞ്ചായത്തില്‍ പങ്കെടുത്തപ്പോള്‍ സമ്മാനമായി ലഭിച്ച ഹുക്കയാണ്‌ പൊല്ലാപ്പുണ്ടാക്കിയത്‌. ഉത്തര്‍പ്രദേശിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഹുക്ക വളരെ വിശേഷപ്പെട്ട വസ്തുവാണെന്ന്‌ പറഞ്ഞുകൊണ്ട്‌ യുപി കോണ്‍ഗ്രസ്‌ അധ്യക്ഷ റീത്താ ബഹുഗുണ ജോഷി ഒരു പുതിയ ഹുക്ക രാഹുലിന്‌ സമ്മാനിക്കുകയായിരുന്നു. സമ്മാനം രാഹുല്‍ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും പുകവലിക്കെതിരെ പ്രചാരണം നടത്തുന്ന രാഹുല്‍ പരസ്യമായി ഹുക്ക സ്വീകരിച്ചത്‌ തെറ്റാണെന്ന്‌ പരക്കെ ആക്ഷേപമുയര്‍ന്നു.
ഒരു പായ്ക്കറ്റ്‌ സിഗരറ്റ്‌ മുഴുവനായും വലിക്കുന്ന ഫലം ചെയ്യുന്ന ഹുക്കയെ രാഹുല്‍ഗാന്ധി പ്രോത്സാഹിപ്പിച്ചത്‌ ഇന്ത്യന്‍ പുകയില നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നിയമപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത്‌ കുറ്റകരമാണ്‌. ഇതോടൊപ്പം പുകവലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്‌. മധ്യഭാഗം ഉരുണ്ടിരിക്കുന്ന പുകവലിക്കാനായി കുഴല്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണമാണ്‌ ഹുക്ക. ഇതില്‍ പുകയെ വെള്ളത്തിലൂടെ കടത്തിവിടുന്നുണ്ടെന്നും ഇക്കാരണത്താല്‍ ഹുക്ക വലിക്കുന്നത്‌ ഹാനികരമല്ലെന്നും ഹുക്ക നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്‌ ഉപയോഗിക്കുന്നത്‌ ഹാനികരമാണെന്നും ഉത്തര്‍പ്രദേശ്‌ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഹുക്കവലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹുക്ക ക്ലബുകള്‍ അടച്ചുപൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.
ഇതോടൊപ്പം രാഹുല്‍ ഹുക്ക സ്വീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളെന്നും ഇത്‌ ഉപയോഗിക്കാഞ്ഞതിനാല്‍ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്താനായിട്ടില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick