ഹോം » കേരളം » 

പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

July 13, 2011

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെയും പോലീസുകാരെയും ചട്ടം ലംഘിച്ച് കൂട്ടമായി സ്ഥലം മാറ്റിയതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

ജീവനക്കാരോട് സര്‍ക്കര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും എ.കെ.ബാലനാണ്‌ പ്രമേയത്തിന്‌ അവതരണാനുമതി തേടിയത്‌.

ജീവനക്കാരെയും പോലീസുകാരെയും സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി പോലും വിമര്‍ശിച്ചതായും എ.കെ ബാലന്‍ പറഞ്ഞു. ഭരണാനുകൂല സംഘടനകളുടെ ശുപാര്‍ശ പ്രകാരമാണ് വികലാംഗരെയും സ്ത്രീകളെയും പോലും സ്ഥലം മാറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസുകാരുടെ കൂട്ട സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‌ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന്‌ അടിയന്തര പ്രമേയത്തിന്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ തുറന്ന മനസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേതുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇടുക്കി ജില്ലയില്‍ മാത്രം 270 പോലീസുകാരെയാണ് ജൂലൈ ആദ്യവാരം സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related News from Archive
Editor's Pick