ഹോം » പ്രാദേശികം » കൊല്ലം » 

ജോലി ചെയ്തവര്‍ക്ക് കൂലിയില്ല; വനസംരക്ഷണം താളംതെറ്റുന്നു

June 13, 2017

പത്തനാപുരം: വനത്തില്‍ ഫയര്‍ലൈന്‍ തെളിച്ചതിന് കൂലിയില്ല. വനസംരക്ഷണസമിതികള്‍ പ്രതിസന്ധിയില്‍. അച്ചന്‍കോവില്‍, മുള്ളുമല എന്നിവിടങ്ങളില്‍ നിന്നും ജോലിക്ക് പോയ നിരവധിയാളുകള്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. വിഎസ്എസുകളുടെ നേതൃത്വത്തിലാണ് വേനല്‍ക്കാലത്തിന് മുന്‍പായി കാട്ടുതീ പടരുന്നത് ഒഴിവാക്കാനായി ഫയര്‍ലൈന്‍ തെളിക്കുന്നത്.
വനാതിര്‍ത്തിയിലും വനത്തിനുള്ളിലും താമസിക്കുന്ന ആളുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതലും ഇടപെടുന്നത്. ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മാര്‍ച്ചില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും. തുടര്‍ന്ന് അപ്രതീക്ഷീതമായി ഉണ്ടാകുന്ന കാട്ടുതീ പ്രതിരോധിക്കാനായി ഇവരെത്തന്നെ ഫയര്‍ വാച്ചര്‍മാരായും നിയമിക്കും. മേയ് മാസം വരെയാണ് വാച്ചര്‍മാരെ നിയമിക്കുന്നത്.
നൂറ് മീറ്ററാണ് പ്രതിദിനം തെളിക്കേണ്ടത്. വിഎസ്എസുകള്‍ വഴിയാണ് ഇവരുടെ ഫണ്ടുകള്‍ വിതരണം ചെയ്യുന്നത്. ഒരു വിഎസ്എസിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ ഇതുവരെ ഒരു ലക്ഷം രൂപമാത്രമാണ് വകുപ്പില്‍ നിന്നും വിതരണം ചെയ്തത്. ജനുവരി മുതലുള്ള വേതനത്തില്‍ തുച്ഛമായ പണം മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.
വനത്തില്‍ ലൈന്‍ തെളിക്കാന്‍ പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം പ്രതീക്ഷിച്ച് ജീവിച്ച നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലാണ്. വിഎസ്എസുകള്‍ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് വേതനവിതരണം നിര്‍ത്തി വച്ചതെന്നും ആരോപണം ഉണ്ട്.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick