ഹോം » പ്രാദേശികം » കോഴിക്കോട് » 

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

June 13, 2017

കോഴിക്കോട്: മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഈ വര്‍ഷം തന്നെ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരന്റെ ബജറ്റിന്റെ താളം തെറ്റാതിരിക്കാന്‍ സപ്ലൈകോ ശ്രദ്ധിക്കുന്നു.
ഉത്സവകാലത്താണ് വിപണി ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യം. അടുത്ത ഓണക്കാലത്തേക്കുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ആന്ധ്രയിലെ കൃഷിക്കാരില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് അരി സംഭരിക്കാന്‍ കഴിഞ്ഞത് വില പിടിച്ചുനിര്‍ത്താന്‍ സഹായകമായി.
സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ കുടിശ്ശിക കൊടുത്തു തീര്‍ത്തു. വിപണിയിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് ഏറ്റവും പ്രധാനമാണ്. വിലനിയന്ത്രണ സെല്‍ പുനഃസംഘടിപ്പിച്ച് വിലക്കയറ്റം ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷതവഹിച്ചു. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൗണ്‍സിലര്‍ എം.സി. അനില്‍കുമാര്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. ബാലന്‍, പി.ടി. ആസാദ്, മുക്കം മുഹമ്മദ്, സി.പി. ഹമീദ്, എം.വി. ബാബുരാജ്, മനോജ് വാലുമണ്ണില്‍, കെ. വേണുഗോപാല്‍, കെ.വി. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick